1

ചേലക്കര: വോട്ടിംഗ് ശതമാനം കുറഞ്ഞത് ആർക്ക് അനുകൂലമാകും, ആരുടെ ചങ്കിടിപ്പാണ് കൂടുന്നത്, ചർച്ചയാകുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 77.4 ശതമാനമായിരുന്നു പോളിംഗ്. ഇക്കുറി അതിനടുത്ത് എത്തിയതിനാൽ ഭൂരിപക്ഷം കുറഞ്ഞാലും വിജയിക്കുമെന്ന പ്രതീക്ഷയാണ് ഇരു മുന്നണികളും.

ഭൂരിപക്ഷം കൂടിയാൽ യു.ഡി.എഫിന് അനുകൂലമാകുമെന്നാണ് പൊതുവെയുള്ള പറച്ചിൽ. എന്നാൽ വോട്ടിംഗ് ശതമാനം കുറഞ്ഞത് തങ്ങൾക്ക് അനുകൂലമാണെന്ന അവകാശവാദത്തിലാണ് കോൺഗ്രസ് നേതാക്കൾ. മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണനെ എം.പിയാക്കി മത്സരിപ്പിച്ചതിൽ പ്രതിഷേധമുള്ളവരാണ് വോട്ട് ചെയ്യാൻ വരാത്തവരെന്നാണ് യു.ഡി.എഫ് നേതാക്കളുടെ ആരോപണം. തങ്ങളുടെ വോട്ടുകൾ മുഴുവൻ പോൾ ചെയ്തിട്ടുണ്ടെന്നാണ് എൽ.ഡി.എഫ് നേതാക്കളുടെ പക്ഷം.

കാര്യമായ കുറവ് വോട്ടിംഗ് ശതമാനത്തിൽ ഉണ്ടാകാത്തതാണ് യു.ആർ. പ്രദീപ് വിജയിക്കുമെന്ന് പറയുന്നതിന്റെ ആത്മവിശ്വാസം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാധാകൃഷ്ണനു കിട്ടിയ അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷം പോലും ലഭിക്കില്ലെന്നും തങ്ങൾക്ക് ഇക്കുറി കൂടുതൽ വോട്ട് കിട്ടിയിട്ടുണ്ടെന്നും ബി.ജെ.പി നേതാക്കളും അവകാശപ്പെടുന്നു. എന്തായാലും വോട്ടെണ്ണുന്ന 23 വരെ ശതമാനക്കണക്കിലുള്ള ചർച്ചകളും മണ്ഡലത്തിൽ സജീവമാകും.