
തൃശൂർ: ചേലക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ 72.77 ശതമാനം പോളിംഗ്. 2021ലെ തിരഞ്ഞെടുപ്പിൽനിന്ന് നാലര ശതമാനത്തോളം കുറഞ്ഞു. അന്ന് 77.40 ശതമാനം ആയിരുന്നു. ദേശമംഗലത്ത് പോളിംഗ് സ്‌റ്റേഷന് സമീപമുള്ള യു.ഡി.എഫിന്റെ ബൂത്തിന് സമീപം വാഹനങ്ങളിട്ടതുമായി ബന്ധപ്പെട്ട് പൊലീസുമായുള്ള വാക്കുതർക്കം ഒഴിച്ചാൽ സമാധാനപരമായിരുന്നു വോട്ടെടുപ്പ്.
രാവിലെയുള്ള നീണ്ടനിര പോളിംഗ് ഉയരുമെന്ന പ്രതീക്ഷ നൽകിയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞപ്പോൾ അമ്പത് ശതമാനത്തിലേറെപ്പേർ വോട്ട് ചെയ്തു. ഇതോടെ 80 ശതമാനം എത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ, ക്രമേണ മന്ദഗതിയിലായി.
രാവിലെ ഏഴോടെ വോട്ടെടുപ്പ് ആരംഭിച്ചു. ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കിയെങ്കിലും 7.15 ആയപ്പോഴേക്കും 180 ബൂത്തും സജീവമായി.
ഒമ്പത് കഴിഞ്ഞപ്പോൾ അത് 12.2 ശതമാനത്തിലെത്തി. 11.30 ആയപ്പോഴേക്കും മുപ്പത് ശതമാനത്തിലെത്തി.രാവിലെ സ്ത്രീകളടക്കമുള്ളവരുടെ നീണ്ട നിരയായിരുന്നു. മഴ പ്രവചനം ഉണ്ടായിരുന്നെങ്കിലും തെളിഞ്ഞ ആകാശമായിരുന്നു. ആറിന് പോളിംഗ് സ്‌റ്റേഷന്റെ ഗേറ്റുകൾ അടച്ച് അകത്തുള്ളവരെ വോട്ട് ചെയ്യാൻ അനുവദിച്ചു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ.പ്രദീപ് കൊണ്ടയൂർ വിദ്യാസാഗർ ഗുരുകുലം സ്‌കൂളിലെ 25ാം നമ്പർ ബൂത്തിൽ രാവിലെ ഏഴിന് വോട്ട് ചെയ്തു. എൻ.ഡി.എ സ്ഥാനാർത്ഥി കെ.ബാലകൃഷ്ണൻ തിരുവില്വാമല പാമ്പാടി ഗവ. സ്‌കൂളിലെ 116ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു. യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് മണ്ഡലത്തിൽ വോട്ടില്ല. കെ.രാധാകൃഷ്ണൻ എം.പി, സംവിധായകൻ ലാൽ ജോസ് എന്നിവരും രാവിലെ വോട്ട് രേഖപ്പെടുത്തി.