 
ഗുരുവായൂർ: ഏകാദശി ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ ഉദയാസ്തമന പൂജ ഒഴിവാക്കിയതിനെതിരെ ടെമ്പിൾ പൊലീസിൽ പരാതി. ഉദയാസ്തമന പൂജ ഒഴിവാക്കിയത് മതത്തെയും മതവിശ്വാസങ്ങളെയും അവഹേളിക്കുന്നതും ഹിന്ദുവിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ നടപടിയാണെന്ന് കാണിച്ച് ഗുരുവായൂർ ക്ഷേത്രരക്ഷാ സമിതി ജനറൽ സെക്രട്ടറി എം. ബിജേഷ് കുമാറാണ് പരാതി നൽകിയത്. ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം, ആചാരങ്ങൾ പ്രധാനമാണ്, അത് മാറ്റാൻ കഴിയില്ല. ക്ഷേത്രത്തിന്റെ മുഴുവൻ നിലനിൽപ്പും ആചാരങ്ങളെ അടിസ്ഥാനമാക്കിയാണ്. അത് തകർന്നാൽ ക്ഷേത്രത്തിന് വലിയ നാശമുണ്ടാക്കുമെന്ന് പരാതിയിലുണ്ട്. ദേവസ്വം ഭരണ സമിതിയുടെ തീരുമാനം ഭക്തരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാനും അവഹേളിക്കാനും ബോധപൂർവം എടുത്തതായതിനാൽ ഭാരതീയ ന്യായ് സൻഹിതയിലെ സെക്‌ഷൻ 299 പ്രകാരം കുറ്റകരമാണെന്നും മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുക്കണമെന്നുമാണ് ഗുരുവായൂർ ക്ഷേത്ര രക്ഷാസമിതി പൊലീസിൽ നൽകിയ പരാതിയിലുള്ളത്.