ചാലക്കുടി: പോട്ട വാർഡ് കൗൺസിലർ വത്സൻ ചമ്പക്കര നഗരസഭ കാര്യാലയത്തിൽ നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിലും നഗരസഭയിലെ പൊതു മരാമത്ത് അസി.എൻജിനീയർ വിഷയത്തിലും ഭരണ മുന്നണിയിലെ മുതിർന്ന നേതാക്കൾ രണ്ട് തട്ടിലെന്ന് ആക്ഷേപം. അടച്ചിട്ട മുറിയിലെ ഇവരുടെ രഹസ്യ യോഗം നീണ്ടുപോയതിന് കാരണം വിഭിന്ന അഭിപ്രായമാണെന്ന് പറയുന്നു. പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ച വരുത്തിയ എ.ഇയെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ നടത്തിയ സമരത്തെ തുടർന്നാണ്്് പ്രത്യേക യോഗം ചേർന്നത്. മുൻ ചെയർമാൻ വി.ഒ.പൈലപ്പനും വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബുവും എ.ഇക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ചെയർമാൻ എബി ജോർജ്ജ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.ബിജു ചിറയത്ത് എന്നിവർ ഇതിനോട് യോജിച്ചില്ലെന്ന് പറയുന്നു. സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ തമ്മിലുള്ള തർക്കം നീണ്ടു പോകുകയും ഒടുവിൽ കൗൺസിലറോട്് സമരം അവസാനിക്കാൻ ആവശ്യപ്പെടാൻ തീരുമാനിച്ച ശേഷം യോഗം അവസാനിപ്പിച്ചതെന്ന് പറയുന്നു.
കൗൺസിലർ അവസാനിപ്പിച്ച് സത്യാഗ്രഹം
ചാലക്കുടി: പോട്ട വാർഡ് കൗൺസിലർ വത്സൻ ചമ്പക്കര ചാലക്കുടി നഗരസഭ കാര്യാലയത്തിൽ നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. പൊതുമരാമത്ത് വകുപ്പിലെ അസി.എൻജിനീയറെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യം ചെയർമാനും ഭരണസമിതിയും തത്വത്തിൽ അംഗീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് വത്സൻ ചമ്പക്കര അറിയിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രശ്‌നത്തിൽ ഇടപെട്ടുവെന്നും അദ്ദേഹം പറയുന്നു.