1

തൃശൂർ: ദേശമംഗലത്ത് യു.ഡി.എഫ് പ്രവർത്തകരും പൊലീസും തമ്മിലുള്ള വാക്കുതർക്കം ഒഴിച്ചാൽ ചേലക്കരയിലെ വോട്ടെടുപ്പ് സമാധാനപരം. ഇന്നലെ രാവിലെ ഏഴ് മുതൽ കർശന സുരക്ഷയിലായിരുന്നു പോളിംഗ്. മുള്ളൂർക്കര ജി.എം.എൽ.പി സ്‌കൂളിലെ കാഞ്ഞിരശ്ശേരിയിൽ 133-ാം നമ്പർ ബൂത്തിൽ കൂടുതൽ പേരെ ഓപ്പൺ വോട്ട് ചെയ്യിപ്പിക്കാൻ എത്തിയതിനാൽ ഏറെനേരം നീണ്ട വരിയായിരുന്നു.
മുള്ളൂർക്കര 141-ാം ബൂത്ത് പരിസരത്ത് പൊതുസ്ഥലത്ത് ബൂത്ത് കെട്ടിയതിനെത്തുടർന്ന് യു.ഡി.എഫിന്റെ പോസ്റ്ററുകൾ അധികൃതർ നീക്കി. ബി.ജെ.പി പ്രവർത്തകരുടെ പരാതിയെത്തുടർന്നായിരുന്നു സംഭവം. പ്രശ്‌നബാധിത ബൂത്തുകളിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചിരുന്നു.


മഷി വേഗം മായുന്നു

മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വോട്ടർമാരുടെ കൈവിരലിൽ പുരട്ടുന്ന മഷി കഴുകിയാൽ മാഞ്ഞു പോകുന്നതായി പരാതി ഉയർന്നു. പലർക്കും ചൊറിച്ചിലുമുണ്ടായി. എന്നാൽ എല്ലായിടങ്ങളും ഒരേ മഷിയാണെന്ന് അധികൃതർ വ്യക്തമാക്കി.

വോട്ടിംഗ് മെഷീൻ പണി മുടക്കി
ചെറുതുരുത്തി എൽ.പി സ്‌കൂളിലെ 46-ാം നമ്പർ ബൂത്തിലെയും ഹൈസ്‌കൂളിലെ 31-ാം നമ്പർ ബൂത്തിലെയും വോട്ടിംഗ് മെഷീനുകൾ പണിമുടക്കിയത് അരമണിക്കൂറോളം വോട്ടെടുപ്പ് തടസപ്പെടുത്തി. ഇതോടെ രാവിലെ തന്നെ നീണ്ടനിരയായി. ബൂത്ത് ഒന്നിൽ വോട്ടിംഗ് മെഷീനിൽ തീയതി സെറ്റ് ചെയ്തതിൽ വ്യത്യാസം വന്നത് അൽപ്പനേരം വോട്ടെടുപ്പ് വൈകിച്ചു. മെഷീൻ മാറ്റി ഉടൻ പ്രശ്‌നം പരിഹരിച്ചു.