ഗുരുവായൂർ: ദേവസ്വം കൃഷ്ണഗീതി ദിനം നാളെ. ഗുരുവായൂരപ്പന്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ കൃഷ്ണഗീതി രചിച്ച് ശ്രീമാനവേദൻ തമ്പുരാൻ ഗുരുവായൂരപ്പന് സമർപ്പിച്ച തുലാം 30 ആണ് കൃഷ്ണഗീതി ദിനമായി ആചരിക്കുന്നത്. രാവിലെ ആറിന് ശ്രീമാനവേദ സമാധിയിൽ പ്രഭാതഭേരിയോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. ഏഴിന് ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ കൃഷ്ണ ഗീതി പാരായണം ഡോ. വി. അച്യുതൻ കുട്ടി നിർവഹിക്കും. പത്തിന് കിഴക്കെ നടയിലെ നാരായണീയം ഹാളിൽ കൃഷ്ണനാട്ടവും കൃഷ്ണഗീതിയും സെമിനാർ നടക്കും. പ്രൊഫ. ഉഷ നങ്ങ്യാർ, ഡോ. പി. നാരായണൻ നമ്പൂതിരി എന്നിവർ പ്രബന്ധം അവതരിപ്പിക്കും. വൈകിട്ട് അഞ്ചിന് മാനവേദ സമാധിയിൽ പുഷ്പാർച്ചന. തുടർന്ന്, സാസ്‌കാരിക ഘോഷയാത്ര. ആറിന് ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനം ഡോ. ചാത്തനാത്ത് അച്യുതനുണ്ണി ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അദ്ധ്യക്ഷനാകും. ചടങ്ങിൽ മാനവേദ സുവർണ മുദ്രയും വാസു നെടുങ്ങാടി സുവർണ മുദ്രയും സമ്മാനിക്കും. സാംസ്‌കാരിക സമ്മേളനത്തിനു ശേഷം കൃഷ്ണനാട്ടത്തിലെ തെരഞ്ഞെടുത്ത രംഗങ്ങളുടെ അവതരണം ഉണ്ടാകും.