photo
1

തൃശൂർ: അപകടങ്ങൾ തുടർക്കഥയാകുമ്പോഴും തൃശൂർ റെയിൽവേ സ്റ്റേഷൻ നാലാം നമ്പർ പ്ലാറ്റ് ഫോം അവഗണനയുടെ പാതയിൽ. തൃശൂർ-ഗുരുവായൂർ ട്രെയിനുകൾ ഈ പ്ലാറ്റ് ഫോമിലെ ട്രാക്കിലാണ് നിറുത്തുന്നത്. എന്നാൽ നാലാം പ്ലാറ്റ് ഫോമിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും ലിഫ്‌റ്റോ എസ്‌കലേറ്ററോ മുൻ ഭാഗത്ത് ട്രോളി പാതയോ ഇല്ല. ഇവിടെ എത്തണമെങ്കിൽ യാത്രക്കാർ ഇപ്പോഴും ഫുട് ഓവർ ബ്രിഡ്ജ് കയറിയിറങ്ങണം. പ്ലാറ്റ് ഫോമിൽ മേൽക്കൂരയില്ലാത്തതുമൂലം വെയിലും മഴയും കൊണ്ട് യാത്രക്കാർ ട്രെയിൻ കാത്ത്നിൽക്കേണ്ട അവസ്ഥയാണ്. ഗുരുവായൂരിലേക്കും തിരിച്ച് തൃശൂരിലേക്കും എത്തുന്ന യാത്രക്കാരിൽ ഭൂരിഭാഗവും വയോജനങ്ങളാണ്. പ്രായമായവർക്കും രോഗബാധിതർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഇവിടെനിന്ന് മറ്റ് പ്ലാറ്റ് ഫോമുകളിലേക്ക് എത്തിച്ചേരുന്നത് വളരെ പ്രയാസകരമാണ്. അതുകൊണ്ടുതന്നെ എളുപ്പവഴിയായി ധാരാളം പേരാണ് പാളം മുറിച്ച് കടക്കുന്നത്. കഴിഞ്ഞദിവസം ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ കാലുകൾ അറ്റുപോയ കെ.എസ്.ആർ.ടി.സി വനിതാ കണ്ടക്ടറും ഈ വിധം പാളം മുറിച്ചുകടന്നതിന്റെ ഇരയാണ്. നിരവധി അന്യസംസ്ഥാന തൊഴിലാളികളും കൂട്ടത്തോടെ ട്രാക്ക് മുറിച്ചുകടക്കുന്നത് സ്ഥിരം കാഴ്ച്ചയാണ്. രാജ്യാന്തര മാതൃകയിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ പുനർനിർമ്മിക്കാൻ അന്തിമാനുമതി ലഭിച്ചതോടെ സ്റ്റേഷനിൽ ആധുനിക സൗകര്യങ്ങൾ എത്തിയാൽ അപകടങ്ങൾ കുറയുമെന്ന് പ്രതീക്ഷയിലാണ് റെയിൽവേ ഉദ്യോഗസ്ഥർ.

മേൽപ്പാലങ്ങൾ കയറാൻ മടിക്കരുത്


മേൽപ്പാലങ്ങൾ കയറാൻ മടിച്ച് ട്രാക്ക് മുറിച്ചു കടക്കുന്നവർ ജീവൻ പണയം വയ്ക്കുകയാണെന്ന് റെയിൽവേ ഉദ്യോഗസ്ഥർ. റെയിൽവേ നിരന്തരം ബോധവത്കരണം നടത്തിയിട്ടും പിഴ ഈടാക്കിയിട്ടും ഇതിന് പരിഹാരമാകുന്നില്ല. രണ്ട് മേൽപ്പാലങ്ങളും ലിഫ്റ്റും എസ്‌കലേറ്ററും ഉണ്ടെങ്കിലും പാളം മുറിച്ചുകടക്കുന്നവർ നിരവധിയാണ്. പലരും പാളത്തിൽ എത്തുമ്പോഴാണ് ട്രെയിൻ വരുന്നത് ശ്രദ്ധിക്കുന്നത്. ആ നിമിഷം ഓടിമാറാനോ പ്ലാറ്റ്‌ഫോമിലേക്ക് കയറാനോ കഴിയാതെ കുടുങ്ങിപ്പോകുന്നവരാണ് അപകടത്തിൽപ്പെടുന്നത്. ഒന്നാം നമ്പർ പ്ലാറ്റ് ഫോം പാളത്തിൽ നിന്ന് അഞ്ചടിയോളം ഉയരമുണ്ട്. ഇവിടെ ചാടിക്കടക്കാനും എളുപ്പമല്ല. ഇത് തിരിച്ചറിയാതെയാണ് സ്ത്രീകളും കുട്ടികളും അടക്കമുളളവർ പാളം മുറിച്ചു കടക്കുന്നത്.


ശുഭയാത്ര, സുരക്ഷിതയാത്ര

നാലാം പ്ലാറ്റ് ഫോമിലേക്കും ലിഫ്റ്റ് അനിവാര്യമാണ്. വികസനപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ എല്ലാ പരിമിതികളും പരിഹരിക്കുമെന്നാണ് കരുതുന്നത്.

പി.കൃഷ്ണകുമാർ,
ജനറൽ സെക്രട്ടറി,
തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ.