photo
1

തൃശൂർ: പീച്ചി ഡാമിന്റെ ഷട്ടറുകൾ തുറന്നുവിട്ട് പ്രളയമുണ്ടായ സംഭവത്തിൽ ഡാം മാനേജ്‌മെന്റിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ഷട്ടറുകൾ യാതൊരു നിയന്ത്രണവുമില്ലാതെ തുറന്നുവിട്ട് കോടികളുടെ നാശനഷ്ടമുണ്ടാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ഡി.ജി.പിക്കും തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്കും നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം നടത്തിയത്. നേരത്തേ കളക്ടർ അർജുൻ പാണ്ഡ്യന്റെ നിർദ്ദേശ പ്രകാരം സബ് കളക്ടർ നടത്തിയ അന്വേഷണത്തിലും ഡാം മാനേജ്‌മെന്റിന് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ നടപടിയെടുത്തിട്ടില്ല. വെള്ളം വീടുകളിലേക്കും കടകളിലേക്കും കൃഷി സ്ഥലത്തേക്കും കയറി ആയിരക്കണക്കിന് ആളുകളാണ് ദുരിതത്തിലായത്. നാശനഷ്ടം സംഭവിച്ചവർക്ക് ഇതുവരെയും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. 43 കോടിയുടെ നഷ്ടമാണുണ്ടായതെന്ന് കളക്ടർ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. നഷ്ടപരിഹാരം നൽകണമെന്നും ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കളക്ടറേറ്റ് പടിക്കൽ വ്യാപാരികൾ സമരം നടത്തിയിരുന്നു. അന്വേഷണങ്ങളിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് വ്യക്തമാക്കിയിട്ടും ഇവരെ സംരക്ഷിക്കുന്ന നിലപാട് മാറ്റിയില്ലെങ്കിൽ പ്രത്യക്ഷ സമരങ്ങളിലേക്ക് ഇറങ്ങുമെന്നും വ്യാപാരികളും കർഷകരും അറിയിച്ചു.

..................

റവന്യൂ മന്ത്രിയുടെ മണ്ഡലത്തിലുണ്ടായ ഗുരുതരമായ വീഴ്ചയിൽ പൊലീസിന്റെയും കളക്ടറുടെയും അന്വേഷണ റിപ്പോർട്ടുകൾ എതിരായിട്ടും ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.
അഡ്വ. ഷാജി കോടങ്കണ്ടത്ത്