electiona

തൃശൂർ : ചേലക്കരയിൽ വിജയ പ്രതീക്ഷ പങ്കുവച്ച് മുന്നണികൾ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ ഇത്തവണ പോളിംഗ് കുറഞ്ഞത് വിജയത്തെ ബാധിക്കില്ലെന്ന് നേതാക്കൾ പറയുന്നു. സ്ത്രീ വോട്ടർമാർ എത് വശത്തേക്ക് ചാഞ്ഞെന്നത് ഫലത്തിൽ നിർണായകമാകും. 74.42 ശതമാനം സ്ത്രീകൾ വോട്ട് രേഖപ്പെടുത്തി. നാലായിരത്തിലേറെ വരുന്ന കന്നി വോട്ടർമാരും വിജയത്തെ സ്വാധീനിക്കും.

പതിനായിരത്തോളമെങ്കിലും ഭൂരിപക്ഷം ലഭിക്കുമെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ. പ്രദീപിന്റെ വ്യക്തിപ്രഭാവവും തുണയാകുമെന്നും. എന്നാൽ യു.ഡി.എഫ് ഇത്തവണ അട്ടിമറി വിജയമാണ് അവകാശപ്പെടുന്നത്. അയ്യായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവും പ്രതീക്ഷിക്കുന്നു. ഭരണവിരുദ്ധ വികാരത്തിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ മുഴുവൻ. നിർണായക ശക്തിയായി മണ്ഡലത്തിൽ വളർന്നത് തിരഞ്ഞെടുപ്പിൽ പ്രകടമാകുമെന്ന് എൻ.ഡി.എ അവകാശപ്പെടുന്നു.

ബൂത്തിലെ കണക്ക് പ്രകാരം പോളിംഗ് 72.77 ശതമാനമാണ്. എല്ലാ പഞ്ചായത്തിലും എഴുപത് ശതമാനത്തിലേറെ പോളിംഗ് നടന്നു. എൽ.ഡി.എഫ് ഭരിക്കുന്ന വരവൂർ, ദേശമംഗലം, വള്ളത്തോൾ നഗർ, പാഞ്ഞാൾ, ചേലക്കര, മുള്ളൂർക്കര പഞ്ചായത്തുകളിൽ 72 ശതമാനത്തിലേറെയാണ് പോളിംഗ്. പാഞ്ഞാൾ പഞ്ചായത്തിലേത് 75.06 ശതമാനമാണ്. യു.ഡി.എഫിന് കീഴിലുള്ള കൊണ്ടാഴിയിൽ 73.82 ഉ, തിരുവില്വാമലയിൽ 70.95 ഉം പഴയന്നൂരിൽ 72.44 ഉം ശതമാനമാണ് പോളിംഗ്..