തൃശൂർ: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം അനുമതി നൽകാതിരുന്ന കേരളോത്സവം പഞ്ചായത്ത്തലത്തിൽ ഇന്ന് മുതൽ നടത്താൻ സർക്കാർ അനുമതി. ഒക്ടോബർ മുതൽ ആരംഭിച്ച് ഡിസംബറിൽ അവസാനിക്കുന്ന തരത്തിലായിരുന്നു മുൻകാലങ്ങളിൽ കേരളോത്സവങ്ങൾ സംഘടിപ്പിച്ചിരുന്നത്. എന്നാൽ സർക്കാർ അനുമതി വൈകിയതിനെ തുടർന്നാണ് ഇന്ന് മുതൽ പഞ്ചായത്ത് തലത്തിൽ നടത്താൻ നിശ്ചയിച്ചത്. ഏറ്റവും കൂടുതൽ പങ്കാളിത്തമുള്ള പഞ്ചായത്തുകളിൽ ക്ലബുകളുടെ യോഗം വിളിച്ച് ചേർത്ത ശേഷം മത്സരിക്കാൻ ആരംഭിക്കാൻ സാധിക്കുകയുള്ളു. ഇത് പരിപാടി സംഘടിപ്പിക്കുന്നതിന് കാലതാമസം നേരിടാൻ സാധ്യയുണ്ട്. നവംബർ 30 നുള്ളിൽ പഞ്ചായത്തിൽ തീർക്കണമെന്നാണ് നിർദ്ദേശം. യുവജനക്ഷേമബോർഡിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ. പഞ്ചായത്തുകൾക്ക് നടത്തിപ്പിന് ഫണ്ടില്ല. തനത് ഫണ്ടിൽ നിന്നും സ്‌പോൺസർമാർ വഴിയുമാണ് പണം കണ്ടെത്തുന്നത്. ബ്ലോക്ക് തലങ്ങളിലേക്ക് ഒരു ലക്ഷം രൂപയും ജില്ലാമത്സരങ്ങൾ നാലു ലക്ഷം രൂപയുമാണ് നൽകി വരുന്നത്. സംസ്ഥാന മത്സരങ്ങൾ യുവജനക്ഷേമ ബോർഡ് നേരിട്ടാണ്. കേരളോത്സവത്തിന് അനുമതി നൽകിയില്ലെങ്കിൽ വ്യാപകമായ പ്രതിഷേധത്തിന് ഇടയാകുമെന്നതിനാലാണ് സർക്കാർ ഉത്തരവ് ഇറക്കിയതെന്നും ആക്ഷേപമുണ്ട്.
പഞ്ചായത്ത്- നവംബർ 15 മുതൽ 30 വരെ
മുനിസിപ്പാലിറ്റി,
കോർപറേഷൻ,
ബ്ലോക്ക് - ഡിസംബർ 1 മുതൽ 15 വരെ
ജില്ല- ഡിസംബർ 16 മുതൽ 31 വരെ
സംസ്ഥാനം- ജനുവരി ആദ്യവാരം