photo
1

തൃശൂർ: ആശുപത്രികൾക്കും ഡോക്ടർമാർക്കുമെതിരെയുള്ള അക്രമങ്ങളിൽ പ്രതിഷേധവുമായി ഡോക്ടർമാർ. ചെന്നൈ കലൈഞ്ജർ ആശുപത്രിയിൽ ഓങ്കോളജിസ്റ്റ് ബാലാജി ഗംഗാധരൻ രോഗിയുടെ മകന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ സംഭവത്തിൽ ഐ.എം.എ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകും. ദേശീയതലത്തിൽ ആശുപത്രി സംരക്ഷണ നിയമമുണ്ടാക്കണം. കൊൽക്കത്ത സംഭവത്തെ തുടർന്ന് തുടങ്ങിവച്ച നിയമനിർമ്മാണം പാതിവഴിയിലാണ്. നിയമം പ്രാബല്യത്തിലുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങൾ കൃത്യമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. തൃശൂർ ചേറ്റുവ ടി.എം. ഹോസ്പിറ്റലിലുണ്ടായ അക്രമത്തിലെ പ്രതികളെ പൊലീസ് വൈകിയാണെങ്കിലും അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യം ലഭിച്ചു. ചേലക്കര ആശുപത്രിയിൽ നടന്ന അക്രമത്തിൽ പി.വി. അൻവർ എം.എൽ.എയ്‌ക്കെതിരെ കേസെടുത്തെങ്കിലും നടപടിയുണ്ടായില്ലെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ.ശ്രീവിലാസൻ, സെക്രട്ടറി ഡോ. കെ.ശശിധരൻ എന്നിവർ പറഞ്ഞു.