വടക്കാഞ്ചേരി: മച്ചാട് വനമേഖലയിൽ വീണ്ടും കാട്ടാന. കുതിരാൻ തുരങ്കം തുറന്നതോടെ വനമേഖലയിൽ പ്രവേശിച്ച ആനകൾ പുതിയ ആന വഴിതാരയിലൂടെ മച്ചാട് വനമേഖലയിൽ എത്തിപ്പെട്ടതായി വനം വകുപ്പും സംശയിക്കുന്നു.
ജനവാസമേഖലയിൽ തുടർച്ചയായി ആനകളെ കണ്ടെത്തുന്നത് ഇത് മൂലമാണെന്നാണ് നിരീക്ഷണം. കഴിഞ്ഞ രാത്രി കട്ടിലപൂവ്വം,വാരികുളം മേഖലയിൽ ജനവാസമേഖലയിൽ ഇറങ്ങിയ ആന തൈക്കാട്ടു മുളയിൽ രാജുവിന്റെ വീടിനു മുന്നിലെ ഗേറ്റ് ഇടിച്ചു തകർത്തിരുന്നു.
വാഴാനി ഫോറസ്റ്റേഷൻ അധികൃതരും മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാമോഹനന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. വാഴാനിയിലെ എലിഫന്റ് വാച്ചർമാരും, ആർ.ആർ.ടി വാളണ്ടിയർമാരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ജൂൺ 25 നും മേഖലയിൽ ആനകൾ ഇറങ്ങി വലിയ നാശനഷ്ടം സൃഷ്ടിച്ചിരുന്നു. താഴത്തുമാരിയിൽ കുമാരൻ, വെള്ളാരത്തിൽ ജയിംസ്, നെല്ലിക്കുന്നേൽ ഫിലിപ്പ് എന്നിവരുടെ പറമ്പുകളിൽ വൻനാശനഷ്ടമാണ് ആനകൾ സൃഷ്ടിച്ചത്.


ആനകളെ തുരത്താൻ കർമ്മപദ്ധതി

വിദഗ്ധ പരിശീലനം നേടിയ എലിഫന്റ് വാച്ചർമാരുടെ നേതൃത്വത്തിൽ മച്ചാട് വനമേഖലയിൽ എത്ര ആനകളുണ്ടെന്നതിന്റെ കണക്ക് ശേഖരിച്ചുവരികയാണെന്ന് മച്ചാട് റെ യ്ഞ്ച്‌ഫോറസ്റ്റ് ഓഫീസർ ആർ. ആനന്ദ്.
തുരങ്ക പാതയിലൂടെ ആനകൾ മച്ചാട് വനമേഖലയിലേക്ക് കടന്നുവെന്നത് സ്ഥിരീകരിച്ചിട്ടില്ല. ക്യാമറ ട്രാപ്പുകൾ അടുത്ത ദിവസങ്ങളിൽ സ്ഥാപിക്കും. കുതിരാൻമേഖലയിൽസോളാർ ഫെൻസിങ്ങുകൾ സ്ഥാപിച്ചിട്ടുണ്ട്. രാഷ്ട്രീയ കൃഷിയോജന പദ്ധതി പ്രകാരം കൂടുതൽ സ്ഥലങ്ങളിൽ ഫെൻസിംഗ് സ്ഥാപിക്കും. എളനാട്‌മേഖലയിൽ 30 കിലോമീറ്റർ ദൂരം ഫെൻസിംഗ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. വാഴാനിമേഖലയിൽ അഞ്ച് സ്ഥലത്തായി രണ്ടുമാസത്തിനുള്ളിൽ ഫെൻസിംഗ് പൂർത്തിയാകുമെന്നും ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.


ആനകളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ കരുത്തുറ്റ നടപടികൾ വേണം. കട്ടിലപ്പൂവംമേഖലയിൽ ഒരു വർഷമായി ആനകൾ തമ്പടിച്ച് കാർഷിക നാശം വരുത്തുകയാണ്. ഇതുമൂലംവലിയ ആശങ്കയിലാണ് ജനങ്ങൾ. നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കും.
ഇന്ദിരാമോഹനൻ (മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് )