കൊടുങ്ങല്ലൂർ : ശുചിത്വ കേരളം സുസ്ഥിരകേരളം ലക്ഷ്യമിട്ട് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി സി.പി.എം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 17ന് കനോലി കനാൽ പ്ലാസ്റ്റിക് മുക്തമാക്കുന്നു. രാവിലെ ഏഴിന് കോതപറമ്പ് തോട് മുതൽ കോട്ടപ്പുറം കോട്ട വരെയുള്ള കനോലി കനാലിലെ പടിഞ്ഞാറൻ തീരത്തെ പ്ലാസ്റ്റിക് മാലിന്യമാണ് ശേഖരിക്കുന്നത്. കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള 17 ബ്രാഞ്ച് കമ്മിറ്റികളിൽ നിന്നായി 500ഓളം പ്രവർത്തകർ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനായി കനോലി കനാലിൽ ഇറങ്ങും. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.കെ.ചന്ദ്രശേരൻ ഉദ്ഘാടനം ചെയ്യും. ഏരിയാ സെക്രട്ടറി കെ.ആർ.ജൈത്രൻ അദ്ധ്യക്ഷത വഹിക്കും. ജനകീയ ക്യാമ്പയിൻ വിജയത്തിനായി ഇന്ന് സന്ദേശ പ്രചരണ മോണിംഗ് വാക്ക് സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ ആറിന് കോട്ടപ്പുറം കോട്ടയിൽ നിന്നും മോണിംഗ് വാക്ക് ആരംഭിച്ച് കൊടുങ്ങല്ലൂർ കിഴക്കെ പമ്പ് പരിസരത്ത് സമാപിക്കുമെന്ന് ലോക്കൽ സെക്രട്ടറി ടി.പി.പ്രഭേഷ് അറിയിച്ചു.