ചാലക്കുടി: ക്രിമറ്റോറിയത്തിൽ ഒടിഞ്ഞുവീണ പുകക്കുഴൽ പുനഃസ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായിട്ടും എൽ.ഡി.എഫ് നടത്തുന്ന പ്രതിഷേധം കപടനാടകമാണന്ന് നഗരസഭാ ചെയർമാൻ എബി ജോർജ്. ഒക്ടോബർ മൂന്നിന് പുകക്കുഴൽ ഒടിഞ്ഞതിനെത്തുടർന്ന് രണ്ടുദിവസത്തിനകം ക്വട്ടേഷൻ ക്ഷണിച്ച് എട്ടിന് നടന്ന കൗൺസിൽ യോഗത്തിൽ സപ്ലിമെന്റ് അജണ്ടയായി ഉൾപ്പെടുത്തിയിരുന്നു. എൽ.ഡി.എഫ് അംഗങ്ങളുടെ എതിർപ്പിനെത്തുടർന്ന് അജണ്ട അംഗീകരിക്കാനായില്ലെന്നും ചെയർമാൻ പറഞ്ഞു.

12 ലക്ഷം രൂപയുടെ പുതിയ പുകക്കുഴലിന്റെ ടെൻഡർ ചെയർമാന്റെ മുൻകൂർ അംഗീകാരത്തോടെയാണ് എഗ്രിമെന്റ് വച്ചത്. ഇപ്പോൾ കോയമ്പത്തൂർ കമ്പനി പ്ലാന്റിൽ പുകക്കുഴലിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. ഈ ആഴ്ച തന്നെ സ്ഥാപിക്കുമെന്നും ചെയർമാൻ പറഞ്ഞു. വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബു, ഹെൽത്ത് ചെയർമാൻ ദീപു ദിനേശ്, മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ, യു.ഡി.എഫ് ലീഡർ ഷിബു വാലപ്പൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.