ആമ്പല്ലൂർ: ദേശീയപാത ആമ്പല്ലൂരിലെ അടിപ്പാത നിർമ്മാണത്തിന് മുന്നോടിയായി ആരംഭിച്ച സർവീസ് റോഡുകളുടെ നവീകരണം പാതിവഴിയിൽ നിലച്ചതോടെ രൂക്ഷമായ പൊടിശല്യത്തിന് പരിഹാരമായില്ല. വ്യാപാരികളും പൊതുജനങ്ങളും ദുരിതത്തിൽ. സർവീസ് റോഡുകളുടെ വശങ്ങളിലെ കോൺക്രീറ്റ് കാനകൾ പൊളിച്ച് പുതിയത് നിർമ്മിക്കൽ, സർവീസ് റോഡിലെ ടാറിംഗ് പൊളിച്ച് പുതുക്കൽ എന്നീ പ്രവൃത്തികൾ തുടങ്ങിയിരുന്നു. ഇതൊന്നും പൂർത്തിയാക്കാനും കഴിഞ്ഞില്ല. വൻഗതാഗതകുരുക്കുണ്ടാക്കിയ അടിപ്പാത നിർമ്മാണവും ഇതിനിടെ നിറുത്തി. മണ്ണിന് ഉറപ്പില്ലെന്ന കാരണത്താലാണ് കുഴിയെടുത്തത് നികത്തിയത്. ഇതോടെ പൊടിശല്യവും മഴ പെയ്താൽ ചെളിക്കുളവും ആകുകയാണ് ഇവിടെ. സ്ഥാപനങ്ങൾ തുറക്കാൻ പോലുമാകാതെ വ്യാപാരികളും പ്രതിസന്ധിയിലാണ്.


കടകൾ അടച്ച് പ്രകടനവും ധർണയും
പൊടിശല്യവും നിർമ്മാണഅപാകതയും കൊണ്ട് വഴിമുട്ടിയ വ്യാപാരികൾ വ്യാപാരി വ്യവസായി എകോപന സമിതി ആമ്പല്ലുർ യൂണിറ്റിന്റെ നേതൃത്യത്തിൽ കടകൾ അടച്ച് പ്രകടനവും ധർണയും നടത്തി. യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോയ് പണ്ടാരി അദ്ധ്യക്ഷനായി. നേതാക്കളായ ജോയ് മൂത്തേടൻ, സെബാസ്റ്റ്യൻ മഞ്ഞളി, പി.എൻ. റെജി, സുധീർ പെരുമറത്ത്, റിജോ ഫ്രാൻസിസ്, കെ. ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.