കൊടുങ്ങല്ലൂർ : അഴീക്കോട് മുനമ്പം ബോട്ട് സർവീസ് വീണ്ടും നിലച്ചു. വേലിയിറക്ക സമയങ്ങളിൽ മുനമ്പംകടവിൽ ബോട്ട് അടുപ്പിക്കാൻ കഴിയാത്തതിനെ തുടർന്നാണ് സർവീസ് നിറുത്തിവയ്ക്കാൻ കരാറുകാരൻ തീരുമാനിച്ചത്. മുനമ്പം ഭാഗത്ത് താത്കാലിക ജെട്ടി പണിതെങ്കിലും ബോട്ട് അടുപ്പിക്കാനാകാതെ ജീവനക്കാരും ഇറങ്ങാനാകാതെ യാത്രക്കാരും ബുദ്ധിമുട്ടി. ഇതിനിടയിൽ ബോട്ടിന്റെ പങ്കായം ചെളിയിലും പുഴയുടെ അടിയിലുള്ള മാലിന്യത്തിലുംപെട്ട് തകരാർ സംഭവിക്കുകയും ഒടിയുകയും ചെയ്തു.

പല തവണ ഇതാവർത്തിച്ചതോടെ കരാറുകാരൻ സർവീസ് നിറുത്തിവയ്ക്കാൻ തീരുമാനിച്ചു. മുനമ്പംകടവിൽ ജില്ലാ പഞ്ചായത്ത് ശരിയായ സൗകര്യമല്ല ചെയ്തിട്ടുള്ളതെന്നും കടവിലുള്ള മണ്ണ് നീക്കം ചെയ്യാമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായില്ലായെന്നും ആക്ഷേപമുണ്ട്. 115 ദിവസത്തെ ഇടവേളകൾക്ക് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് സർവീസ് ആരംഭിച്ചത്.

സർവീസിന് മുമ്പായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസും ജനപ്രതിനിധികളും ട്രയൽ നടത്തിയ ശേഷമാണ് സർവീസ് പുനരാരംഭിച്ചത്. എന്നാൽ മുനമ്പം ഭാഗത്ത് യാത്രക്കാർക്ക് കയറാനും ഇറങ്ങാനും കഴിയാത്തതാണ് യാത്രാബോട്ട് തടസപ്പെടാൻ ഇപ്പോൾ കാരണമായത്. താത്കാലിക ബോട്ട് ജെട്ടി ശരിയായ രീതിയിൽ സ്ഥാപിച്ചാലേ യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുകയുള്ളൂവെന്നും അല്ലാത്ത പക്ഷം അപകടസാദ്ധ്യത ഏറെയാണെന്നുമാണ് നാട്ടുകാർ പറയുന്നത്.