വടക്കാഞ്ചേരി : എങ്കക്കാട് എച്ച്.എം.സി നഗറിൽ വീട് കുത്തിത്തുറന്ന് 15 പവൻ സ്വർണാഭരണങ്ങളും, രണ്ട് ടെലിവിഷൻ, ലാപ്പ് ടോപ്പുകൾ എന്നിവയും കവർന്നു. കളത്തിപറമ്പിൽ കുഞ്ഞാന്റെ വീടാണ് കൊള്ളയടിച്ചത്. ഭാര്യയുടെ മരണത്തെ തുടർന്ന് കുഞ്ഞാൻ മണ്ണാർക്കാട്ടിലാണ് താമസം. വീട്ടുമുറ്റത്ത് കാട്ടുപൊന്ത വളർന്നതിനെ തുടർന്ന് പുല്ലു വെട്ട് തൊഴിലാളികളെത്തിയപ്പോഴാണ് മുൻ വാതിൽ തുറന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി നടത്തിയ പരിശോധനയിൽ മുൻവാതിൽ തകർന്ന നിലയിൽ കണ്ടെത്തി. മുറികൾക്കുള്ളിൽ സാധന സാമഗ്രികൾ വലിച്ച് വാരിയിട്ട നിലയിലായിരുന്നു. മരണമടഞ്ഞ കുഞ്ഞാന്റെ ഭാര്യയുടെ സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.