തൃശൂർ: പൂരം കലക്കലുമായി ബന്ധപ്പെട്ട് പൊലീസ് വീണ്ടും തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ മൊഴിയെടുത്തു. സർക്കാർ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്റെ ഭാഗമായാണിത്. വെടിക്കെട്ട് വൈകാനുള്ള കാരണങ്ങളാണ് പ്രധാനമായും അന്വേഷിച്ചത്. റവന്യൂ വകുപ്പിന്റെ വീഴ്ചയാണ് വെടിക്കെട്ട് വൈകാനിടയാക്കിയതെന്നാണ് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌കുമാറും ജോയിന്റ് സെക്രട്ടറി ശശിധരനും മൊഴി നൽകിയത്.
വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന മാഗസിന്റെ ചുമതല റവന്യൂ വകുപ്പിനാണ്. മാഗസിൻ പൊലീസ് പൂട്ടിപോയപ്പോൾ റവന്യൂ വകുപ്പ് ഇടപെട്ടില്ല. കളക്ടറെയും പൊലീസ് കമ്മിഷണറെയും പല തവണ വിളിച്ചെങ്കിലും എത്തിയില്ല. പിന്നീട് രണ്ടു മണിക്കൂർ വൈകിയാണ് ശ്രീമൂലസ്ഥാനത്തെത്തിയത്. വിവരം അറിയിച്ചയുടൻ വന്നിരുന്നെങ്കിൽ വെടിക്കെട്ട് വൈകില്ലായിരുന്നു.
ഇന്നലെ രാവിലെ പത്തര മുതൽ മലപ്പുറം എ.എസ്.പി: എം. ഫിറോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് രണ്ടു മണിക്കൂറോളം കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. തിരുവമ്പാടി ഭാരവാഹികളുടെ മൊഴി അന്വേഷണ സംഘം രണ്ടാഴ്ച മുമ്പ് രേഖപ്പെടുത്തിയിരുന്നു. അന്ന് പൂരം മുടങ്ങാനുണ്ടായ തടസങ്ങളെക്കുറിച്ചാണ് ചോദിച്ചറിഞ്ഞത്. വെടിക്കെട്ട് വൈകിയതിന്റെ കാരണങ്ങളാണ് ഇത്തവണ ചോദിച്ചത്.
പാറമേക്കാവ് സെക്രട്ടറിയുടെയും മൊഴിയെടുത്തു
തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഇരിങ്ങാലക്കുടയിൽ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. പൂരത്തോട് അനുബന്ധിച്ച് നടന്ന സംഭവങ്ങളെയും നടത്തിപ്പിലെ തടസങ്ങളെയും കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. പൂരം നടത്തിപ്പിൽ പൊലീസ് പലവിധം തടസങ്ങളുണ്ടാക്കിയത് അന്വേഷണ സംഘത്തിന് മൊഴി നൽകി. എ.സി.പി: വി.എ. ഉല്ലാസിന്റെ നേതൃത്തിലാണ് മൊഴിയെടുത്തത്. ഇതാദ്യമായാണ് അന്വേഷണ സംഘം പാറമേക്കാവ് ദേവസ്വം ഭാരവാഹിയുടെ മൊഴിയെടുക്കുന്നത്.
വിഷമവൃത്തത്തിൽ റവന്യൂ വകുപ്പ്
പൂരം വെടിക്കെട്ട് മുടങ്ങിയത് സംബന്ധിച്ച് തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ മൊഴി നൽകിയതോടെ റവന്യൂ വകുപ്പും വിശദീകരിക്കേണ്ടി വരും. പൂരം കലക്കിയത് ബി.ജെ.പിയാണെന്നായിരുന്നു വകുപ്പ് മന്ത്രി കെ. രാജനും ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി വി,എസ്. സുനിൽകുമാറും ആരോപിച്ചിരുന്നത്.
മാഗസിൻ പൊലീസ് പൂട്ടിപ്പോയപ്പോൾ റവന്യൂ വകുപ്പ് ഇടപെട്ടിരുന്നുവെങ്കിൽ വെടിക്കെട്ട് വൈകില്ലായിരുന്നുവെന്ന മൊഴിയാണ് ഇപ്പോൾ വിനയാകുന്നത്. പൂരം കലങ്ങിയിട്ടില്ല, വെടിക്കെട്ട് വൈകുകയാണ് ഉണ്ടായതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് സ്വീകരിച്ചിരുന്നത്. റിപ്പോർട്ട് റവന്യൂ വകുപ്പിന് എതിരായാൽ റവന്യൂ വകുപ്പും സി.പി.ഐയും പ്രതിരോധത്തിലാകും.