വടക്കാഞ്ചേരി: ആനപരിപാലനം സംബന്ധിച്ച ഹൈക്കോടതി നിദ്ദേശങ്ങൾ തിരിച്ചടിയാകുമെന്ന ആശങ്കയുമായി ഉത്സവം നടത്തിപ്പുകാർ. ഉത്രാളിക്കാവ് പൂരത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് സംഘാടകർ പറയുന്നു. പൊതുവഴിയിലൂടെ പകൽ ഒമ്പതിനും അഞ്ചിനും മദ്ധ്യേ ആനകളെ എഴുന്നെള്ളിക്കരുതെന്ന നിർദ്ദേശം പ്രായോഗികമല്ല. കൂട്ടിയെഴുന്നെള്ളത്തിൽ ആനകൾ തമ്മിൽ മൂന്ന് മീറ്ററും മേളക്കാരിൽ നിന്ന് എട്ട് മീറ്ററും തീവെട്ടിയിൽ നിന്ന് അഞ്ചുമീറ്ററും അകലം വേണമെന്ന നിർദ്ദേശവും തിരിച്ചടിയാകുമെന്ന് ഉത്രാളിക്കാവ് പൂരം സംഘാടകരായ എങ്കക്കാട്, വടക്കാഞ്ചേരി, കുമരനെല്ലൂർ ദേശക്കാർ വ്യക്തമാക്കുന്നു.
30ഓളം ആനകളാണ് ഉത്രാളിപ്പൂരത്തിൽ പങ്കെടുക്കുക. വടക്കാഞ്ചേരി, കുമരനെല്ലൂർ ദേശങ്ങൾ സംസ്ഥാനപാതയിലൂടെയാണ് എഴുന്നെള്ളത്തുമായാണ് ഉത്രാളിക്കാവിലെത്തുക. വടക്കാഞ്ചേരി വിഭാഗം കരുമരക്കാട് ശിവക്ഷേത്ര സന്നിധിയിൽ ആനകളെ അണിനിരത്തി പഞ്ചവാദ്യം പൂർത്തിയാക്കി ഉത്രാളിക്കാവിലേക്ക് എഴുന്നെള്ളുന്നത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ്. പുതിയ നിർദ്ദേശങ്ങൾ നടപ്പായാൽ ഇതിനെല്ലാം വിഘാതമാകും. വിധിയിൽ ഭേദഗതി ആവശ്യപ്പെട്ട് നിയമനടപടിക്ക് ഒരുങ്ങുകയാണ് തട്ടകങ്ങൾ.
കേരളചരിത്രത്തിന്റെ ഭാഗമാണ് ഉത്സവങ്ങൾ. കർശന വ്യവസ്ഥകളിൽ തിരുത്തൽ അനിവാര്യമാണ്.
- എ.കെ. സതീഷ് കുമാർ, ഉത്രാളിക്കാവ് പൂരം മുൻ ചീഫ് കോ- ഓർഡിനേറ്റർ, കുമരനെല്ലൂർ വിഭാഗം പ്രസിഡന്റ്
ഉത്രാളിപ്പൂരം ഒരു ജനതയുടെ മുഴുവൻ വികാരമാണ്. ഉത്സവങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഒരു വിഭാഗം നീതിന്യായ വ്യവസ്ഥയെ വരെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. കോടതി നിർദ്ദേശങ്ങൾ വടക്കാഞ്ചേരി വിഭാഗത്തിന്റെ ചടങ്ങുകളെ മുഴുവൻ ഇല്ലാതാക്കും.
- സി.എ. ശങ്കരൻകുട്ടി, ഉത്രാളിപ്പൂരം വടക്കാഞ്ചേരി വിഭാഗം പ്രസിഡന്റ്
കോടതിയുടെ മാർഗനിർദേശപ്രകാരം ഒരു ഉത്സവവും നടത്താനാകില്ല. ഉത്സവം നടത്തിപ്പുകാരും ഉത്സവപ്രേമികളും പ്രതിഷേധത്തിലാണ്. വരുംദിവസങ്ങളിൽ നിയമ പോരാട്ടം അടക്കം നടത്താനാണ് ഉത്സവക്കമ്മിറ്റികളുടെ തീരുമാനം. എങ്കക്കാട് ദേശവും പിന്തുണയ്ക്കും.
- ടി.പി. ഗിരീശൻ, ഉത്രാളിപ്പൂരം എങ്കക്കാട് വിഭാഗം പ്രസിഡന്റ്