
തൃശൂർ : മണ്ഡലകാലത്തെ അനുഷ്ഠാനകലയായ ശാസ്താംപാട്ട് പഠിക്കുന്നവരുടെ എണ്ണം കുറയുന്നു. മുൻപ് എല്ലാ ജില്ലകളിലും നിരവധി ശാസ്താംപാട്ട് സംഘങ്ങളുണ്ടായിരുന്നു. കുറെ വർഷങ്ങളായി അത് കുറയുകയാണ്. ശാസ്താംപാട്ടിനോട് പുതുതലമുറ മുഖം തിരിക്കുന്നു.
ഉടുക്കാണ് ശാസ്താം പാട്ടിന്റെ വാദ്യം. ഉടുക്കിൽ താളവും ഒപ്പം പാട്ടും പഠിച്ച് വേണം അരങ്ങേറ്റം. കലാരൂപം പൂർണമായി ഉൾക്കൊള്ളാൻ രണ്ട് വർഷമെങ്കിലും വേണം. വൃശ്ചികം പിറന്നാൽ മകരവിളക്ക് വരെ അയ്യപ്പപ്രീതിക്കായി ശാസ്താംപാട്ടും അയ്യപ്പൻ വിളക്കും സജീവമാണ്. വാഴപ്പോളയും പിണ്ടിയും കൊണ്ട് ക്ഷേത്ര രൂപങ്ങൾ നിർമ്മിച്ചാണ് അയ്യപ്പൻ വിളക്ക് നടത്തുന്നത്. പാട്ടാണ് പ്രധാനം. രാവിലെ മുതൽ പിറ്റേന്ന് പുലർച്ചെ വരെ 24 മണിക്കൂറാണ് അയ്യപ്പൻ വിളക്ക്. നല്ല സംഘങ്ങൾക്ക് 50,000 രൂപ മുതൽ ലഭിക്കും.ഓരോ സംഘത്തിലും 20 മുതൽ 30 പേർ വരെ ഉണ്ടാവും. പാട്ടുകാർക്ക് പുറമേ കോമരങ്ങൾ, ക്ഷേത്രം നിർമ്മിക്കുന്നവർ തുടങ്ങി വിവിധ വിഭാഗങ്ങളുണ്ട്.
ശാസ്താംപാട്ട്
അയ്യപ്പ ചരിതമാണ് ശാസ്താംപാട്ടിന്റെ പ്രമേയം. പന്തളത്ത് രാജാവിന്റെയും കുടുംബത്തിന്റെയും കഥ, അയ്യപ്പന്റെ ജനനം മുതൽ സ്വർഗാരോഹണം, വാവരുടെ ജനനം, ദേവാസുരയുദ്ധം, പാലാഴിമഥനം കഥകളും സുബ്രഹ്മണ്യസ്തുതി, സരസ്വതി വന്ദനം, പുലിസേവ തുടങ്ങിയ അനുബന്ധകഥകളും ഉൾപെടും. അയ്യപ്പനും വാവരും തമ്മിലുള്ള യുദ്ധവും പിന്നെ ചങ്ങാതിമാരാകുന്നതും ഹാസ്യരൂപേണ പാടും.
തങ്കനും രാജനും
ശാസ്താംപാട്ടിൽ അറിയപ്പെടുന്ന കലാകാരന്മാരാണ് മച്ചാട് തങ്കനും രാജനും. രണ്ട് പതിറ്റാണ്ടായി ഒരുമിച്ചാണ് അയ്യപ്പൻ വിളക്കിന് പോകുന്നത്. അങ്ങനെ തങ്കനും രാജനും തങ്കരാജ് ആയി. ശാസ്താംപാട്ട് കലാകാരനായിരുന്ന മച്ചാട് മണി ആശാന്റെ ശിഷ്യരാണ്. രാജന്റെ മകൻ ശാസ്താം പാട്ട് കലാകാരനാണ്. തങ്കന് പെൺമക്കളാണ്.
മണ്ഡലകാലത്തെ അനുഷ്ഠാന കലയായ ശാസ്താംപാട്ടിലേക്ക് പുതുതലമുറ കടന്നുവരണം. ആദ്യകാലങ്ങളിലെ പോലെ പുതിയ ആളുകൾ കടന്നുവരുന്നില്ല.
മച്ചാട് തങ്ക-രാജ് , ശാസ്താംപാട്ട് കലാകാരന്മാർ