trissur-pooram

തൃശൂർ: പൂരം കലക്കലുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്റെ ഭാഗമായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ മൊഴിയെടുത്തു. തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ മൊഴി രണ്ടാം തവണയാണ് രേഖപ്പെടുത്തുന്നത്. ഇത്തവണ പ്രധാനമായും വെടിക്കെട്ട് വൈകാനുള്ള കാരണങ്ങളാണ് പൊലീസ് ചോദിച്ചത്.

റവന്യൂ വകുപ്പിന്റെ വീഴ്ചയാണ് വെടിക്കെട്ട് വൈകി പകൽ നടത്താൻ കാരണമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്‌കുമാറും ജോയിന്റ് സെക്രട്ടറി ശശിധരനും മൊഴി നൽകി. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന മാഗസിന്റെ ചുമതല റവന്യൂ വകുപ്പിനാണ്. പൊലീസ് മാഗസിൻ പൂട്ടിപ്പോയപ്പോൾ റവന്യൂ വകുപ്പ് ഇടപെട്ടില്ല. കളക്ടറെയും പൊലീസ് കമ്മിഷണറെയും പല തവണ വിളിച്ചെങ്കിലും അവർ വന്നില്ല. പിന്നീട് രണ്ട് മണിക്കൂർ വൈകിയാണ് ബന്ധപ്പെട്ടവർ ശ്രീമൂലസ്ഥാനത്തെത്തിയതെന്ന് ദേവസ്വം മൊഴി നൽകി. ഇന്നലെ രാവിലെ പത്തര മുതൽ മലപ്പുറം എ.എസ്.പി എം.ഫിറോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് രണ്ട് മണിക്കൂറോളം കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷിന്റെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തി.

പൊലീസ് പൂരം നടത്തിപ്പിന് പല വിധത്തിൽ തടസങ്ങളുണ്ടാക്കിയതായി ജി.രാജേഷ് പറഞ്ഞു. എ.സി.പി വി.എ.ഉല്ലാസിന്റെ നേതൃത്തിലാണ് മൊഴിയെടുക്കൽ.