പഴുവിൽ: സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം 17ന് മന്ത്രി കെ.രാജൻ നിർവഹിക്കും. പഴുവം പരസ്പര സഹായ സംഘം എന്ന പേരിൽ 1924ൽ സ്ഥാപിതമായ ഈ സ്ഥാപനം ഇന്ന് ചാഴൂർ പഞ്ചായത്തിലെ ഇഞ്ചമുടി കുറുമ്പിലാവ് വില്ലേജുകളും ജയന്തി കോൾ പടവ് വ്യാപകാതിർത്തിയായി 12,800 ലേറെ അംഗങ്ങളും 100 കോടി ഡെപ്പോസിറ്റും 2.6 കോടി ഓഹരി മൂലധനവും 85.75 കോടി വായ്പ ബാക്കി നിൽപ്പുമായി ക്ലാസ് വൺ സ്‌പെഷ്യൽ ഗ്രേഡിലാണ്. മന്ത്രി ആർ.ബിന്ദു വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തും. സി.സി.മുകുന്ദൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, മുൻ മന്ത്രിമാരായ കെ.പി.രാജേന്ദ്രൻ, മുൻ എം.എൽ.എമാരായ വി.എസ്.സുനിൽകുമാർ, ഗീത ഗോപി എന്നിവർ മുഖ്യാതിഥികളാകും. ബാങ്ക് പ്രസിഡന്റ് ഉല്ലാസ് കണ്ണോളി, വൈസ് പ്രസിഡന്റ് കെ.വി.മോഹൻദാസ്, സെക്രട്ടറി കെ.കെ.സജിത, ഡയറക്ടർ ബോഡ് അംഗങ്ങൾ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.