1

തൃശൂർ: വിവാദമാഴിയാത്ത കഴിഞ്ഞ പൂരം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെ ഹൈക്കോടതി ഉത്തരവ് കൂടി പ്രതിസന്ധിയാകുമെന്ന് തിരിച്ചറിവിൽ ദേവസ്വങ്ങളും ഉത്സവപ്രേമികളും രംഗത്ത്. സംസ്ഥാനത്തെ ഉത്സവാഘോഷങ്ങളെ തകർക്കുന്നതാണ് ഹൈക്കോടതി ഉത്തരവെന്നാണ് തൃശൂർ പൂരത്തിന്റെ പ്രധാന പങ്കാളികളായ പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങളുടെയും മറ്റ് സംഘടനകളുടെയും ആശങ്ക.

ഏറ്റവും അധികം ഉത്സവങ്ങളുള്ള തൃശൂരിൽ ഹൈക്കോടതി ഉത്തരവ് വന്നശേഷം ആദ്യം നടക്കുന്നത് നിരവധി ആനകൾ പങ്കെടുക്കുന്ന തൃപ്രയാർ ഏകാദശിയാണ്. ഏകാദശി ഉത്സവാഘോഷത്തെ ഉത്തരവ് ബാധിക്കുമോയെന്ന ആശങ്കയുമുണ്ട്. ഡിസംബർ മുതൽ മേയ് പകുതി വരെ തൃശൂരിൽ മാത്രം ആനയെഴുന്നെള്ളത്തോടെയുള്ള ആയിരക്കണക്കിന് ഉത്സവങ്ങളുണ്ട്.

പൂയാഘോഷങ്ങൾ, തൃക്കാർത്തിക, തിരുവാതിര, കൊടുങ്ങല്ലൂർകാവ് പൂര മഹോത്സവം, ഊത്രാളിക്കാവ്, ആറാട്ടുപുഴ പൂരം, ചിറവരമ്പത്തുക്കാവ്, പെരിങ്ങോട്ടുകര ഉത്സവം, തൃശൂർ പൂരം, ഇരിങ്ങാലക്കുട ഉത്സവം തുടങ്ങി നിരവധി ഉത്സവങ്ങളും ഇക്കാലയളവിലാണ്. പലരും ആനകൾക്ക് അഡ്വാൻസ് നൽകി ബുക്ക് ചെയ്തുകഴിഞ്ഞു. അതേസമയം ആനയെഴുന്നെള്ളത്ത് പ്രതിസന്ധി എങ്ങനെ പരിഹരിക്കാന്നത് സംബന്ധിച്ച് സർക്കാർ തലത്തിൽ തന്നെ പ്രതിവിധി കണ്ടെത്തണമെന്നാണ് ആവശ്യം.

പുതിയ മാർഗരേഖ എഴുന്നെള്ളത്തുകളെ ബാധിക്കും
നാട്ടാന സംരക്ഷണത്തിനും ഉത്സവങ്ങളിലെ ആനയെഴുന്നെള്ളത്ത് സുരക്ഷിതമാക്കാനും ഹൈക്കോടതി പുറപ്പെടുവിച്ച പുതിയ മാർഗനിർദേശങ്ങൾ അപ്രയോഗികവും ആന എഴുന്നെള്ളത്തുകളുടെ അന്തകവിത്തായി മാറുമെന്നും എലിഫന്റ് വെൽഫയർ ട്രസ്റ്റ് ഒഫ് ഇന്ത്യ. ചെയർമാൻ കെ.പി. മനോജ് കുമാർ അദ്ധ്യക്ഷനായി. പി. ശശികുമാർ, പി.എസ്. ജയഗോപാൽ, പി. മധു, കെ. മഹേഷ്, പി.എസ്. രവീന്ദ്രൻ നായർ, ചന്ദ്രൻ രാമൻ തറ, വി.എസ്. രവീന്ദ്രൻ, ഹരിപ്രസാദ് വി. നായർ എന്നിവർ സംസാരിച്ചു.

ഹൈക്കോടതി നിർദ്ദേശം പാലിച്ചാൽ തൃശൂർ പൂരം തന്നെ നടത്താനാകില്ല
- തിരുവമ്പാടി ദേവസ്വം

പ്രശ്‌നപരിഹാരത്തിൻ സർക്കാർ തലത്തിൽ തന്നെ ഇടപെടൽ ആവശ്യമാണ്
- പാറമേക്കാവ്‌ ദേവസ്വം

ഇപ്പോഴത്തെ നിയന്ത്രണങ്ങൾ വന്നാൽ പൂരം എഴുന്നെള്ളത്ത് നടക്കില്ല
- വിനോദ് കണ്ടേംകാവിൽ, പൂരപ്രേമി സംഘം

പ്രധാന നിർദ്ദേശം
എഴുന്നെള്ളത്തിനെത്തുന്ന ആനകളും ജനങ്ങളും തമ്മിൽ എട്ടു മീറ്റർ അകലവും ബാരിക്കേഡും വേണം


ആന എഴുന്നെള്ളത്ത് തടയുകയെന്നത് സംഘടനയുടെ ലക്ഷ്യമല്ല. ആനയെഴുന്നെള്ളത്ത് തടയുന്നതിനേക്കാൾ അവയോടുള്ള ക്രൂരത തുറന്നുകാട്ടാനാണ് ശ്രമം.

- എം.എൻ. ജയചന്ദ്രൻ, സമസൃഷ്ടി പ്രസിഡന്റ്