 
തൃശൂർ: കേരളത്തിൽ മൃഗാവകാശ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന എട്ടു സംഘടനകൾ സംയുക്തമായി തൃശൂർ കേന്ദ്രീകരിച്ച് സമസൃഷ്ടി ഫെഡറേഷൻ ഒഫ് അനിമൽ റൈറ്റ്‌സ് ഓർഗനൈസേഷൻസ് ഒഫ് കേരളയ്ക്കു രൂപം നൽകി. എസ്.പി.സി.എ ഇടുക്കി, ഹെറിറ്റേജ് ടാസ്‌ക് ഫോഴ്‌സ് തൃശൂർ, പി.എഫ്.എ ട്രിവാൻഡ്രം, പോവ്‌സ് തൃശൂർ, പോവ് കണ്ണൂർ, എസ്.ഇ.ഡബ്ല്യു കൊല്ലം, ഡബ്ല്യു.എഫ്.എ.എ തൃശൂർ, ആരോ പത്തനംതിട്ട എന്നീ സംഘടനകളാണ് ലയിച്ചത്.
മൃഗങ്ങൾക്ക് പ്രകൃത്യാലും നിയമംവഴിയുമുള്ള അവകാശങ്ങളുടെ വർദ്ധിച്ചുവരുന്ന ലംഘനം, മൃഗങ്ങളോടുള്ള അസഹിഷ്ണുത, ക്രൂരത, അത്തരം കേസുകളിൽ നിയമപാലകർ കാട്ടുന്ന അലംഭാവം. മൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചും അവയുടെ ജൈവലോക സവിശേഷതകളെക്കുറിച്ചുള്ള സമൂഹത്തിന്റെ അജ്ഞത തുടങ്ങിയ കാര്യങ്ങളിൽ സംഘടനകളുടെ ഒറ്റയ്ക്കു നിന്നുള്ള പോരാട്ടങ്ങൾ പോരാത്തതിനാലാണ് സമസൃഷ്ടി രൂപീകരിച്ചത്.
മൃഗങ്ങൾക്കു ലഭ്യമാകേണ്ട നീതി ഭരണതലത്തിലും നിയമമാർഗത്തിലും ലഭ്യമാക്കാനുള്ള ശ്രമമാണ് കൂട്ടായ്മ നടത്തുക. ഒപ്പം ഈ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന മറ്റു സംഘടനകൾക്കു ധാർമിക പിന്തുണയും പ്രോത്സാഹനവും നൽകും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് എം.എൻ. ജയചന്ദ്രൻ, ഡോ. സുഷമപ്രഭു, ചിത്ര അയ്യർ, ശ്രീദേവി എസ്. കർത്ത, വെങ്കിടാചലം എന്നിവർ പങ്കെടുത്തു.