കൊടുങ്ങല്ലൂർ: മൂന്ന് പതിറ്റാണ്ടിലേറെയായി കൊടുങ്ങല്ലൂരിൽ ശബരിമല ഭക്തർക്ക് അന്നവും കുടിവെള്ളവും ഉൾപ്പെടെ സേവനം നൽകി വന്നിരുന്ന ക്ഷേത്രസംരക്ഷണ സമിതിക്ക് മാത്രം അയ്യപ്പഭക്തർക്ക് സേവനം നടത്താനുള്ള അപേക്ഷ ദേവസ്വം ബോർഡ് നിഷേധിച്ചതിൽ ക്ഷേത്രസംരക്ഷണ സമിതി പ്രതിഷേധിച്ചു. ഇതുസംബന്ധിച്ച് നൽകിയ അപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന് പറഞ്ഞ് ദേവസ്വം ബോർഡ് തള്ളി. ബോർഡിന്റെ സംവിധാനം മാത്രം മതിയെന്ന് തീരുമാനമെടുത്ത ബോർഡ് ഈ വർഷം കൊടുങ്ങല്ലൂർ നഗരസഭയ്ക്ക് ക്ഷേത്രം കോമ്പൗണ്ടിൽ സേവനം നടത്താനുള്ള അനുവാദം നൽകിയെന്നും കുറ്റപ്പെടുത്തി. ഹൈന്ദവ സമുദായ സംഘടനകളെ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ നിന്നും പുറത്താക്കുക എന്ന നിലവിലെ ബോർഡിന്റെ നിലപാട് ഭക്തജനങ്ങളെയും ഹൈന്ദവ സമൂഹത്തെയും പ്രകോപിപ്പിക്കാനും അവഹേളിക്കാനും ഉള്ളതാണ്. ക്ഷേത്രങ്ങളെ രാഷ്ട്രീയവത്കരിക്കാനാണ് ബോർഡ് ശ്രമിക്കുന്നതെന്നും സമിതി താലൂക്ക് പ്രസിഡന്റ് മോഹൻദാസ് ദേവമംഗലം, താലൂക്ക് സെക്രട്ടറി ദിലീപ് ബാലഗണേശ്വരപുരം എന്നിവർ പറഞ്ഞു.