1

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാല പൂജകൾക്കു ഇന്ന് തുടക്കം. മണ്ഡലകാല പൂജകൾക്ക് മുന്നോടിയായി ഇന്നലെ ഗുരുവായൂരപ്പന് ബിംബശുദ്ധി നടന്നു. ക്ഷേത്രം തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് ശുദ്ധി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. മണ്ഡലകാല ആരംഭദിനമായ ഇന്ന് ഉച്ചപ്പൂജയ്ക്ക് ഗുരുവായൂരപ്പന് 25 കലശം അഭിഷേകം ചെയ്യും.

മണ്ഡലകാലം തുടങ്ങുന്നതോടെ ഇന്നു മുതൽ ഗുരുവായൂരപ്പന് വിശേഷമായി പഞ്ചഗവ്യ അഭിഷേകവും ആരംഭിക്കും. 40 ദിവസം ഉച്ചപൂജയ്ക്കു മുമ്പായി ഗുരുവായൂരപ്പനു പ്രത്യേകം തയാറാക്കിയ പഞ്ചഗവ്യം അഭിഷേകം ചെയ്യും. തന്ത്രിയോ ഓതിക്കനോ ചടങ്ങ് നിർവഹിക്കും. 41-ാം ദിവസം കളഭാഭിഷേകത്തോടെ മണ്ഡലപൂജ സമാപിക്കും. വൃശ്ചികം ഒന്നു മുതൽ മുപ്പതു ദിവസം വിശേഷാൽ വാദ്യങ്ങളോടെയാണ് ക്ഷേത്രത്തിൽ ശീവേലി.

സാധാരണ ദിവസങ്ങളിൽ മൂന്നു പ്രദക്ഷിണം നടത്തുന്ന ശീവേലി വൃശ്ചിക മാസത്തിൽ മുപ്പതു ദിവസം അഞ്ച് പ്രദക്ഷിണവുമുണ്ടാകും. ഇടുതുടി, വീരാണം എന്നീ വിശേഷ വാദ്യങ്ങൾ ശീവേലിക്ക് അകമ്പടിയാകും. ഇടുതുടി, വീരാണം എന്നിവ മണ്ഡലക്കാല ശീവേലിയുടെ മാത്രം പ്രത്യേകതയാണ്.