1

തൃശൂർ: ജനലക്ഷങ്ങളുടെ സാന്നിദ്ധ്യത്തിൽ തെക്കോട്ടിറക്കവും ഭഗവതിമാരുടെ അഭിമുഖവും കുടമാറ്റവും കണ്ട തെക്കെ ഗോപുരനടയിൽ പ്രതിഷേധ മേളം കൊട്ടിക്കയറി. ആനകൾക്ക് പകരം നെറ്റിപ്പട്ടവും ആലവട്ടവും കൈയിലേന്തി പൂരപ്രേമികളും. ആന എഴുന്നെള്ളത്തുമായി ബന്ധപ്പെട്ട് ഹൈക്കോടതി കൊണ്ടുവന്ന പുതിയ മാർഗനിർദ്ദേശങ്ങൾക്കെതിരെ പൂരപ്രേമി സംഘത്തിന്റെ നേതൃത്വത്തിൽ പ്രതീകാത്മക പൂരം നടത്തി പ്രതിഷേധിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി ആദ്യം പ്രതീകാത്മകമായി നെറ്റിപ്പട്ടവും ആലവട്ടവുമായി പതിനഞ്ചു പേരെ അണിനിരത്തി. മുന്നിൽ മേളക്കാരും അണിനിരന്നു. ഇതിനുശേഷം ഹൈക്കോടതി നിർദ്ദേശ പ്രകാരം മൂന്നു മീറ്റർ അകലത്തിൽ നിരത്തിയപ്പോൾ ഏഴു പേർക്കാണ് അണിനിരക്കാനായത്. മേളക്കാരെ എട്ടുമീറ്റർ അകലത്തിൽ നിറുത്തിയായിരുന്നു പ്രതിഷേധം. ഇപ്പോഴത്തെ സാഹചര്യത്തിൽ തൃശൂർ പൂരം നടത്താനാകില്ലെന്ന് പൂരപ്രേമികൾ പറഞ്ഞു.

മുൻമന്ത്രി വി.എസ്. സുനിൽ കുമാർ, മുൻ എം.എൽ.എ: ടി.വി. ചന്ദ്രമോഹൻ, കോർപറേഷൻ കൗൺസിലർമാരായ എൻ. പ്രസാദ്, സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം എ.വി. വല്ലഭൻ, ചേറുശേരി കുട്ടൻ മാരാർ, വിനോദ് കണ്ടേംകാവിൽ, പത്മനാഭൻ അന്തിക്കാട്, നന്ദകുമാർ വാകയിൽ, ഉണ്ണി നെച്ചിക്കോട്, പ്രൊഫ. മുരളീധരൻ ചാത്തനാത്ത്, തെച്ചിക്കോട്ടുകാവ് ദേവസ്വം ബിനു, അനിൽ കുമാർ മോച്ചാട്ടിൽ എന്നിവർ പങ്കെടടുത്തു.

പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നിയമനിർമ്മാണം നടത്തണം. പൂരം കാണാത്ത ആരോ നൽകിയ റിപ്പോർട്ടാണ് വിധിക്ക് അടിസ്ഥാനം.

- വി.എസ്. സുനിൽകുമാർ