കൊടുങ്ങല്ലൂർ : ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചുള്ള ഒരുക്കം പൂർത്തിയായി. ക്ഷേത്രത്തിലെ ദർശന സമയം എല്ലാ ദിവസവും രാവിലെ നാലിന് നടതുറന്ന് ഉച്ചയ്ക്ക് 12.30ന് നട അടയ്ക്കുകയും വൈകിട്ട് നാലിന് തുറന്ന് രാത്രി എട്ടിന് നട അടയ്ക്കാനും തീരുമാനിച്ചു. വടക്കേനടയിൽ അയ്യപ്പ വിശ്രമകേന്ദ്രം തുടങ്ങാനും തീരുമാനിച്ചു. അയ്യപ്പന്മാർക്ക് വിരി വയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തി. അയ്യപ്പ വിശ്രമ കേന്ദ്രത്തിൽ കാലത്തും വൈകിട്ടും അയ്യപ്പഭക്തർക്ക് ഭക്ഷണം നൽകാനും ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ അന്നദാനം നൽകാനും തീരുമാനിച്ചു. അയ്യപ്പഭക്തർക്ക് ക്ഷേത്ര മൈതാനത്ത് സൗജന്യ പാർക്കിംഗിനുള്ള വിപുലമായ സൗകര്യം ഏർപ്പാടാക്കി. ഭക്തർക്ക് വഴിപാട് രസീത് ആക്കുന്നതിന് പ്രത്യേകം കൗണ്ടർ തുടങ്ങാനും പകൽസമയം മുഴുവൻ ഒരു കൗണ്ടർ തുറന്നു പ്രവർത്തിക്കാനും തീരുമാനിച്ചു. മണ്ഡലം മഹോത്സവത്തിന്റെ ക്രമീകരണത്തിന്റെ ഭാഗമായി നടന്ന യോഗത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ എം.ബി.മുരളീധരൻ അദ്ധ്യക്ഷനായി. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേംരാജ് ചൂണ്ടലാത്ത്, മുനിസിപ്പൽ ചെയർമാൻ ടി.കെ.ഗീത, ദേവസ്വം കമ്മിഷണർ ഉദയകുമാർ, ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കർത്ത, ഡെപ്യൂട്ടി തഹസിൽദാർ അജിത കരുൺ, അസിസ്റ്റന്റ് കമ്മിഷണർ എം.ആർ.മിനി, എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.കെ.മനോജ്, ദേവസ്വം മാനേജർ കെ.വിനോദ്, എ.വിജയൻ,

പ്രദീപ് പോളക്കുളത്ത് എന്നിവർ പങ്കെടുത്തു.

മറ്റ് സജ്ജീകരണങ്ങൾ ഇവ

അയ്യപ്പഭക്തർക്ക് 24 മണിക്കൂർ ശുദ്ധജലം നൽകുന്നതിന് പ്രത്യേക കൗണ്ടർ

ക്ഷേത്ര പരിസരം സി.സി.ടി.വിയുടെ നിരീക്ഷണത്തിലാക്കും.

സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പുവരുത്തി.

ക്ഷേത്ര മൈതാനം വൃത്തിയാക്കുന്നതിന് കൂടുതൽ ജീവനക്കാരെ നിയോഗിക്കും.