elephant

കഴിഞ്ഞ തൃശൂർ പൂരം സൃഷ്ടിച്ച രാഷ്ട്രീയ വിവാദങ്ങൾ കത്തിക്കയറിയെങ്കിലും ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എല്ലാം കൊട്ടിക്കലാശിച്ചുവെന്നാണ് കരുതിയത്. പക്ഷേ, മഴ തോർന്നിട്ടും മരം പെയ്യുന്നുവെന്ന് പറഞ്ഞതുപോലെ, പൂരം കലക്കിയെന്ന പരാതികൾ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെ ഹൈക്കോടതി ഉത്തരവ് വീണ്ടും പ്രതിസന്ധിയായി. സംസ്ഥാനത്തെ ഉത്സവാഘോഷങ്ങളെ തകർക്കുന്നതാണ് ഹൈക്കോടതി ഉത്തരവെന്നാണ് തൃശൂർ പൂരത്തിന്റെ പ്രധാന പങ്കാളികളായ പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങളുടെയും വിശ്വാസികളുടേയും പൂരപ്രേമികളുടേയും മറ്റ് സംഘടനകളുടെയും ആശങ്ക.

ഉത്സവങ്ങളുടെ നാടായ തൃശൂരിൽ ഹൈക്കോടതി ഉത്തരവ് വന്നശേഷം ആദ്യം നടക്കുന്നത് നിരവധി ആനകൾ പങ്കെടുക്കുന്ന തൃപ്രയാർ ഏകാദശിയാണ്. ഏകാദശി ഉത്സവാഘോഷത്തെ ഉത്തരവ് ബാധിക്കുമോയെന്ന ഉത്കണ്ഠയും ഒഴിഞ്ഞിട്ടില്ല. ഡിസംബർ മുതൽ മേയ് പകുതി വരെ തൃശൂരിൽ മാത്രം ആനയെഴുന്നെള്ളത്തോടെയുള്ള ആയിരക്കണക്കിന് ഉത്സവങ്ങൾ നടക്കാറുണ്ട്. പൂയാഘോഷങ്ങൾ, തൃക്കാർത്തിക, തിരുവാതിര, കൊടുങ്ങല്ലൂർകാവ് പൂര മഹോത്സവം, ഊത്രാളിക്കാവ് പൂരം, ആറാട്ടുപുഴ പൂരം, ചിറവരമ്പത്തുക്കാവ്, പെരിങ്ങോട്ടുകര ഉത്സവം, തൃശൂർ പൂരം, ഇരിങ്ങാലക്കുട ഉത്സവം തുടങ്ങി നിരവധി പ്രമുഖ ഉത്സവങ്ങളും ഇക്കാലയളവിലാണ്. പലരും ആനകൾക്ക് അഡ്വാൻസ് നൽകി ബുക്ക് ചെയ്തുകഴിഞ്ഞു. അതേസമയം ആനയെഴുന്നെള്ളത്ത് പ്രതിസന്ധി എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ച് സർക്കാർ തലത്തിൽ തന്നെ പ്രതിവിധി കണ്ടെത്തണമെന്നാണ് ആവശ്യം.

അപ്രായാേഗികമെന്ന്

പരാതി

ആന എഴുന്നള്ളിപ്പ് സുരക്ഷിതമാക്കുവാൻ പുറപ്പെടുവിച്ചിട്ടുള്ള പുതിയ മാർഗനിർദ്ദേശങ്ങളിൽ പലതും അപ്രയോഗികവും കേരളത്തിലെ ആചാര അനുഷ്‌ഠാനത്തിന്റെ ഭാഗമായി നൂറ്റാണ്ടുകളായി നടക്കുന്ന ഉത്സവ, പൂരം നേർച്ച, പെരുന്നാൾ ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമായ ആന എഴുന്നള്ളിപ്പുകൾക്ക് അന്ത്യം കുറക്കുമെന്നുമാണ് എലിഫന്റ് വെൽഫെയർ ട്രസ്റ്റ് ഒഫ് ഇന്ത്യ പരാതിപ്പെടുന്നത്. കേരളത്തിൽ 382 ഓളം നാട്ടാനകളാണുളളത്. രാത്രി 10 മുതൽ 4 വരെ ആനകളുടെ യാത്ര പാടില്ലെന്ന് പറഞ്ഞാൽ ദേവമേള എന്ന് അറിയപ്പെടുന്ന 1435 ലേറെ വർഷം പഴക്കമുള്ള പെരുവനം- ആറാട്ടുപുഴ പൂരം അടക്കമുള്ള എല്ലാ രാത്രി പൂരങ്ങളും അവസാനിയ്ക്കും. കാലത്ത് 9 മണി മുതൽ വൈകിട്ട് 5 മണി വരെ പൊതുവഴിയിൽ ആന എഴുന്നള്ളിപ്പ് പാടില്ലെന്ന് പറഞ്ഞാൽ തൃശൂർ പൂരം അടക്കം എല്ലാ പൂരങ്ങളും, നേർച്ചകളും, പെരുന്നാളുകളുടെയും നടത്തിപ്പും പ്രതിസന്ധിയിലാകും.
നാട്ടാന പരിപാലനത്തിലും, ചികിത്സയിലും, സംരക്ഷണത്തിലും നിരവധി അപാകതകൾ ഉള്ളതുകൊണ്ടാണ് ആയിരക്കണക്കിന് നാട്ടാനകളുണ്ടായിരുന്ന കേരളത്തിൽ 382 താഴെ മാത്രമായി അവശേഷിക്കുന്നത്. അത് പരിഹരിക്കാൻ ആനയുമായി, ഉത്സവവുമായി ബന്ധപ്പെട്ട സംഘടനാ ഭാരവഹികൾ, സർക്കാർ, കോടതി എന്നിവർ വിശദമായി എല്ലാ കാര്യങ്ങളും ചർച്ച ചെയത് പ്രയോഗിക സമീപനവും, സംരക്ഷണവും നടപ്പിലാക്കണം. പണത്തിനോടുള്ള അമിത ആർത്തിമൂലം പല ആന ഉടമസ്ഥരും, ദേവസ്വങ്ങളും ഈ മേഖലയെ കടുംവെട്ടിന് വിധേയമാക്കിയതും, പരസ്പരം പോരടിച്ച് നിൽക്കുന്നതുമാണ് ഇന്നത്തെ ദുരവസ്ഥയക്ക് കാരണമെന്ന് ട്രസ്റ്റ് പറയുന്നു.

അതിനിടെ, തെക്കോട്ടിറക്കവും ഭഗവതിമാരുടെ അഭിമുഖവും കുടമാറ്റവും നടക്കുന്ന തെക്കേ ഗോപുരനടയിൽ പ്രതിഷേധ മേളവും കൊട്ടിക്കയറി. ആനകൾക്ക് പകരം നെറ്റിപ്പട്ടവും ആലവട്ടവും കൈയിലേന്തി പൂരപ്രേമികളും. ആന എഴുന്നെള്ളത്തുമായി ബന്ധപ്പെട്ട് ഹൈക്കോടതി കൊണ്ടുവന്ന പുതിയ മാർഗനിർദ്ദേശങ്ങൾക്കെതിരെ പൂരപ്രേമി സംഘത്തിന്റെ നേതൃത്വത്തിൽ പ്രതീകാത്മക പൂരം നടത്തിയാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി ആദ്യം പ്രതീകാത്മകമായി നെറ്റിപ്പട്ടവും ആലവട്ടവുമായി പതിനഞ്ചു പേരെ അണിനിരത്തി. മുന്നിൽ മേളക്കാരും അണിനിരന്നു. ഇതിനുശേഷം ഹൈക്കോടതി നിർദ്ദേശ പ്രകാരം മൂന്നു മീറ്റർ അകലത്തിൽ നിരത്തിയപ്പോൾ ഏഴു പേർക്കാണ് അണിനിരക്കാനായത്. മേളക്കാരെ എട്ടുമീറ്റർ അകലത്തിൽ നിറുത്തിയായിരുന്നു പ്രതിഷേധം.

മൊഴിയെടുത്ത്....

അതിനിടെ, പൂരം കലക്കലുമായി ബന്ധപ്പെട്ട് പൊലീസ് വീണ്ടും തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ മൊഴിയെടുത്തിട്ടുണ്ട്. സർക്കാർ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്റെ ഭാഗമായാണിത്. വെടിക്കെട്ട് വൈകാനുള്ള കാരണങ്ങളാണ് പ്രധാനമായും അന്വേഷിച്ചത്. റവന്യൂ വകുപ്പിന്റെ വീഴ്ചയാണ് വെടിക്കെട്ട് വൈകാനിടയാക്കിയതെന്നാണ് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌ കുമാറും ജോയിന്റ് സെക്രട്ടറി ശശിധരനും മൊഴി നൽകിയത്.

വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന മാഗസിന്റെ ചുമതല റവന്യൂ വകുപ്പിനാണ്. മാഗസിൻ പൊലീസ് പൂട്ടിപോയപ്പോൾ റവന്യൂ വകുപ്പ് ഇടപെട്ടില്ല. കളക്ടറെയും പൊലീസ് കമ്മിഷണറെയും പല തവണ വിളിച്ചെങ്കിലും എത്തിയില്ല. പിന്നീട് രണ്ടു മണിക്കൂർ വൈകിയാണ് ശ്രീമൂലസ്ഥാനത്തെത്തിയത്. വിവരം അറിയിച്ചയുടൻ വന്നിരുന്നെങ്കിൽ വെടിക്കെട്ട് വൈകില്ലായിരുന്നു. അന്വേഷണസംഘം രണ്ടു മണിക്കൂറോളം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തിരുവമ്പാടി ഭാരവാഹികളുടെ മൊഴി അന്വേഷണ സംഘം രണ്ടാഴ്ച മുമ്പ് രേഖപ്പെടുത്തിയിരുന്നു. അന്ന് പൂരം മുടങ്ങാനുണ്ടായ തടസങ്ങളെക്കുറിച്ചാണ് ചോദിച്ചറിഞ്ഞത്. വെടിക്കെട്ട് വൈകിയതിന്റെ കാരണങ്ങളാണ് തിരുവമ്പാടിയോട് ചോദിച്ചത്.

തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഇരിങ്ങാലക്കുടയിൽ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. പൂരത്തോട് അനുബന്ധിച്ച് നടന്ന സംഭവങ്ങളെയും നടത്തിപ്പിലെ തടസങ്ങളെയും കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. പൂരം നടത്തിപ്പിൽ പൊലീസ് പലവിധം തടസങ്ങളുണ്ടാക്കിയത് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. പൂരം വെടിക്കെട്ട് മുടങ്ങിയത് സംബന്ധിച്ച് തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ മൊഴി നൽകിയതോടെ റവന്യൂ വകുപ്പും വിശദീകരിക്കേണ്ടതായി വന്നേക്കാം. വെടിക്കെട്ട് നിയന്ത്രണത്തിന് പിന്നാലെ ആനയെഴുന്നള്ളിപ്പും പ്രതിസന്ധിയിലായതോടെ ഇനി വരുന്ന തൃശൂർ പൂരം സാധാരണ നടത്തും പോലെ നടത്താനാകില്ലെന്നാണ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ആവർത്തിച്ച് പറയുന്നത്.