1

തൃശൂർ: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചത് ഒരിക്കലും കാണിക്കാൻ പാടില്ലാത്ത സമീപനമെന്ന് മന്ത്രി കെ.രാജൻ. ത്രിപുരയ്ക്കും സിക്കിമിനും ആന്ധ്രയ്ക്കും കേന്ദ്രത്തിന്റെ സഹായം ലഭിച്ചു. വയനാടിനായി ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

എസ്.ഡി.ആർ.എഫിലെ ഫണ്ട് വിനിയോഗത്തിന് കൃത്യമായ മാനദണ്ഡമുണ്ട്. ആ ഫണ്ട് വിനിയോഗത്തിന് കേന്ദ്രത്തിന്റെ അനുമതി വേണ്ട. എസ്.ഡി.ആർ.എഫിലെ ഫണ്ട് ചൂരൽ മല ദുരന്ത ബാധിതർക്ക് ഉപയോഗിക്കാമെന്ന് കേന്ദ്രം ഉത്തരവിറക്കുമോ?. കേരളം നൽകിയ മെമ്മോറാണ്ടത്തിൽ ഒരു പിഴവുമില്ല. പിഴവുണ്ട് എന്ന് ഇതുവരെ കേന്ദ്രം പറഞ്ഞിട്ടുമില്ല.

സർക്കാരിന് കോടതിയിൽ പ്രതീക്ഷയുണ്ട്. തമിഴ്‌നാടിനും കർണാടകയ്ക്കും സഹായം ലഭിച്ചത് സുപ്രീം കോടതിയെ സമീപിച്ചിട്ടാണ്. ഒരു ദുരന്തമുണ്ടാകുമ്പോൾ ഒരു രക്ഷാകർത്താവിന്റെ സമീപനം കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നാണ് കോടതി പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങൾക്ക് ദുരന്ത സമയത്ത് നൽകിയ സഹായം കേരളത്തിന് എപ്പോൾ നൽകുമെന്ന് കോടതി ചോദിച്ചിരിക്കുകയാണ്. വയനാട്ടിലെ മനുഷ്യരുടെ മനസിൽ മറ്റൊരു രൂപത്തിലാണ് കേന്ദ്രം ഇപ്പോൾ പ്രവേശിച്ചിരിക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.