വടക്കാഞ്ചേരി: നാല് വർഷം മുമ്പ് കുറാഞ്ചേരിയിൽ ആരംഭിച്ച വഴിയോര വിശ്രമ കേന്ദ്ര നിർമ്മാണം പാതിവഴിയിൽ. സംസ്ഥാന സർക്കാരിന്റെ 12 ഇന പരിപാടിയിൽ ഉൾപെടുത്തിയാണ് നിർമ്മാണം. 2020 ൽ ആരംഭിച്ച പദ്ധതിക്ക് രണ്ട് ഘട്ടമായി 51 ലക്ഷം രൂപ ചെലവഴിച്ചിട്ടും എങ്ങുമെത്തിയില്ല. സാമ്പത്തിക പ്രതിസന്ധി മൂലം തടസപ്പെട്ട പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നായിരുന്നു നഗരസഭ നേരത്തെ അറിയിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയും ബില്ല് മാറി കിട്ടുന്നതിനുള്ള തടസവും പരിഹരിച്ച് എത്രയും വേഗം നിർമ്മാണം പൂർത്തീകരിച്ച് തുറന്നുകൊടുക്കുമെന്നും സ്ഥിരം സമിതിഅദ്ധ്യക്ഷൻ എം.ആർ.അനൂപ് കിഷോർ അറിയിച്ചിരുന്നു. എന്നാൽ ഇതുവരെയും ഒരു പ്രവർത്തനവും ആരംഭിച്ചില്ല. മാത്രമല്ല നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം ചുറ്റും താത്കാലിക ഇരുമ്പ് വലകെട്ടി ഗേറ്റ് സ്ഥാപിച്ച് താഴിട്ട് പൂട്ടിയ നിലയിലാണ്.
കുറാഞ്ചേരിയിലെ ടേക്ക് എ ബ്രേക്ക് എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പദ്ധതി പ്രദേശത്ത് സാമൂഹ്യ വിരുദ്ധർ വിഹരിക്കുന്നതായ പരാതി ഉയർന്നതിനെ തുടർന്നാണ് ചുറ്റും താത്കാലിക മതിൽ നിർമ്മിച്ച് ഗേറ്റ് സ്ഥാപിച്ച് താഴിട്ട് പൂട്ടിയത്.
കെ. കെ.മനോജ്
(നഗരസഭ സെക്രട്ടറി)