kuzi-

കുന്നംകുളം: നല്ല നഗരം ശുചിത്വ നഗരമെന്ന പദവിയിലേക്ക് കുതിക്കുന്ന നഗരസഭയ്ക്ക് മുൻപിൽ വില്ലനായി റോഡിലെ ചതിക്കുഴികൾ. നഗരത്തിലെ പ്രാദേശിക റോഡുകളിലെ കുഴികളിൽ ചാടി വാഹനയാത്രക്കാരുടെ നടുവൊടിയുകയാണ്. നഗരസഭയുടെ പല റോഡുകളും കുഴികളടച്ച് നന്നാക്കിയെങ്കിലും മഴയിൽ വെള്ളം കെട്ടിനിന്ന് കുഴികൾ വീണ്ടും തുറന്നത് വാഹനഗതാഗതം ദുർഘടമാക്കി.

ടി കെ. കൃഷ്ണൻ റോഡ് ഉൾപ്പെടെയുള്ള നഗരത്തിനുള്ളിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാത്തത് സ്വകാര്യ ബസ് അടക്കമുള്ള വാഹനഗതാഗതത്തെ ബാധിക്കുന്നുണ്ട്. കോഴിക്കോട് പട്ടാമ്പി ഭാഗത്തുനിന്നും വരുന്ന സ്വകാര്യ ബസുകൾ ടി.കെ. കൃഷ്ണൻ വൺവെ റോഡ് വഴിയാണ് പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിപ്പിക്കുന്നത്. ഈ റോഡിലാണ് കുഴികൾ രൂപപ്പെട്ടിട്ടുള്ളത്.

മിക്ക സ്വകാര്യബസുകളും കേടുപറ്റി സർവീസ് നിറുത്തിവയ്‌ക്കേണ്ട ഗതികേടിലാണ്. ദിവസങ്ങൾക്കു മുമ്പ് കുഴിയിൽ വീണ് രണ്ട് സ്വകാര്യ ബസുകളുടെ ലീഫ് ഒടിഞ്ഞിരുന്നു. കൂടാതെ കുഴിയിൽ ചാടാതിരിക്കാനായി സ്വകാര്യ ബസ് വെട്ടിച്ചെടുത്തതിന് പൊലീസ് പിഴ ചുമത്തിയതിലും ബസ് ജീവനക്കാർക്കും ഉടമകൾക്കും പ്രതിഷേധമുണ്ട്. എ സി പി സഞ്ചരിച്ച സ്വകാര്യ വാഹനത്തിനു ബസ് വെട്ടിച്ച് എടുക്കുന്നതിനിടെ മുമ്പിൽപ്പെട്ടതോടെയാണ് പൊലീസ് നടപടിയെടുത്തത്.

ബൈക്ക് യാത്രക്കാരാണ് കുഴികളിൽ വീണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. ഒരടിയോളം താഴ്ചയുള്ള കുഴികളാണ് റോഡിലുള്ളത്. ടി.കെ. കൃഷ്ണൻ റോഡിന് പുറമേ വൺവെ സർവീസ് നടത്തുന്ന ബൈജു റോഡിലും കുഴികളുണ്ട്. മഴയ്ക്കു മുമ്പ് കുഴികൾ അടച്ചിരുന്നുവെങ്കിലും മഴ ശക്തമായതോടെ വീണ്ടും റോഡ് തകർന്നു. അതേസമയം കുഴി അടയ്ക്കാനും റോഡ് അറ്റകുറ്റപ്പണികൾക്കുമായി ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി നഗരസഭാ അധികൃതർ പറഞ്ഞു.

മഴ മാറി നവംബർ 17ന് ശേഷം റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കും.

- നഗരസഭാ എൻജിനിയർ വിഭാഗം