1

തൃപ്രയാർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലെ നാനൂറിലേറെ ക്ഷേത്രങ്ങളിൽ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിന് പ്രമുഖ സ്ഥാനമുണ്ട്. എന്നാൽ ക്ഷേത്രത്തോട് ബോർഡ് അയിത്തം കാണിക്കുന്നുവെന്നാണ് ഭക്തരുടെ ഇപ്പോഴത്തെ പരാതി. തൃപ്രയാർ ഏകാദശി കലാസാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടച്ചടങ്ങിൽ ബോർഡിനെ പ്രതിനിധീകരിച്ച് ആരും എത്തിയില്ല. പരിപാടിയുടെ ഉദ്ഘാടകനായി നിശ്ചയിച്ച ബോർഡ് പ്രസിഡന്റ് എം.കെ. സുദർശനും അദ്ധ്യക്ഷനാകേണ്ടിയിരുന്ന മെമ്പർ എം.ബി. മുരളീധരനും എത്താത്തതാണ് വിവാദമായത്.

സമ്മേളനം അവസാനിക്കാനിക്കെയാണ് മറ്റൊരു മെംബറായ പ്രേംരാജ് ചൂണ്ടലാത്ത് എത്തിയത്. ഇതോടെ ആശംസാപ്രാസംഗികനായ നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടകനായി. ദേവസ്വം അസി. കമ്മിഷണർ കെ. ബിജുകുമാർ, ബോർഡ് സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മിഷണർ കെ. സുനിൽകുമാർ എന്നിവരും പരിപാടിക്ക് എത്തിയിരുന്നില്ല. വേദിയിൽ ആകെ ഉണ്ടായിരുന്നത് ആകെ നാലുപേർ മാത്രം.

ഏറെ പ്രൗഢിയോടെ നടക്കുന്ന ചടങ്ങാണ് അധികൃതരുടെ നിരുത്തരവാദിത്വപരമായ സമീപനാൽ നിറം മങ്ങിപ്പോയതെന്നാണ് ഭക്തരുടെ പരാതി. മാസങ്ങൾക്ക് മുൻപേ അനുമതി വാങ്ങിയാണ് നോട്ടീസിൽ പേര് വച്ചതെന്നാണ് തൃപ്രയാർ ദേവസ്വത്തിന്റെ വിശദീകരണം. ഇതിനിടെ കലാസാംസ്കാരിക പരിപാടികളുടെ നോട്ടീസം വിതരണം കാര്യക്ഷമമായിരുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.

ക്ഷേത്രവികസനത്തിലും അവഗണന

ക്ഷേത്ര വികസന കാര്യവും ബോർഡ് അവഗണിക്കുന്നുവെന്ന് പരാതി ഉയരുന്നുണ്ട്. തേവർക്കായുള്ള സ്വർണകലശത്തിന് വേണ്ടിയുള്ള പിരിവ് തുടങ്ങിയിട്ട് മൂന്ന് വർഷത്തിലേറെയായി. ഇതിനായി സ്ഥാപിച്ച കുടം പടിഞ്ഞാറെ നടപ്പുരയിൽ സ്മാരകമായി മാറിയെന്നാണ് ആക്ഷേപം. എകാദശി അടുത്തതോടെ ഭക്തർക്ക് പ്രാഥമിക കൃത്യം നിർവഹിക്കാൻ പോലും ഇവിടെ അടിസ്ഥാന സൗകര്യമില്ല. ഇക്കാര്യങ്ങളിലും പ്രതിഷേധം ഉയരുന്നുണ്ട്.