ഗുരുവായൂർ: ഏകാദശിയും ശബരിമല തീർത്ഥാടനവും പ്രമാണിച്ച് ഭക്തർക്കായി ഹോമിയോപ്പതി വകുപ്പ് ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ താത്കാലിക ആശുപത്രി പ്രവർത്തനം ആരംഭിച്ചു. ശബരിമല, മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തുടനീളം ഭക്തർക്ക് ഇവിടെ നിന്നും സേവനം ലഭ്യമാകും. ദേവസ്വവുമായി സഹകരിച്ചാണ് ഹോമിയോപ്പതി വകുപ്പ് ഡിസ്‌പെൻസറി തുടങ്ങിയത്. ഡിസ്‌പെൻസറിയുടെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. ലീന റാണി, ദേവസ്വം ഭരണസമിതി അംഗങ്ങളായ ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാട് , മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ, മനോജ് ബി നായർ, കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.