കൊടുങ്ങല്ലൂർ : ടി.കെ.എസ് പുരത്തുള്ള സ്റ്റേഡിയം പ്ലാന്റിനോടുള്ള നഗരസഭയുടെ അവഗണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ വി.എം.ജോണി പ്ലാന്റിന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി. പ്ലാന്റിലേക്കുള്ള റോഡ് റീ ടാർ ചെയ്യുക, പ്ലാന്റ് പരിസരം മാലിന്യമുക്തമാക്കുക, പ്ലാന്റിലേക്ക് ഫയർ എൻജിൻ വരാനുള്ള സൗകര്യം ഏർപ്പെടുത്തുക, സ്റ്റേഡിയം കായിക വിദ്യാർത്ഥികൾക്കും മറ്റും ഉപയോഗിക്കാവുന്ന വിധമാക്കി മാറ്റുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു വി.എം.ജോണിയുടെ സമരം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇ.എസ്.സാബു ഉദ്ഘാടനം ചെയ്തു. പി.എൽ.തോമസ് കുട്ടി, സുനിൽ അഷ്ടപദി, സി.ആർ.ജയചന്ദ്രൻ, ജോഷി, ശിവദാസൻ എന്നിവർ പ്രസംഗിച്ചു.