കൊടുങ്ങല്ലൂർ: നഗരസഭാ യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ പ്രാദേശിക മാദ്ധ്യമപ്രവർത്തകയെ നഗരസഭാ ചെയർപേഴ്‌സൺ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടത് ബഹളത്തിനും പ്രതിപക്ഷ ബഹിഷ്‌കരണത്തിനും ഇടയാക്കി. പ്രാദേശിക ചാനലിലെ പ്രവർത്തക പ്രഭയോടാണ് ചെയർപേഴ്‌സൺ ടി.കെ.ഗീത അപമര്യാദയായി പെരുമാറിയതായി പരാതി ഉയർന്നത്.
കോട്ടപ്പുറത്തെ മാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് ടി.എസ്.സജീവൻ സംസാരിച്ചു കൊണ്ടിരിക്കെയാണ് സംഭവം. സീറ്റിൽ നിന്നെഴുന്നേറ്റ ചെയർപേഴ്‌സൺ ചർച്ചയൊന്നും പകർത്തേണ്ടെന്നും പുറത്തേക്ക് ഇറങ്ങിപ്പോകാനും ആക്രോശിക്കുകയായിരുന്നു. ഇതോടെ പ്രശ്‌നം പ്രതിപക്ഷ കൗൺസിലർമാർ ഏറ്റെടുത്ത് ബഹളം വച്ചു.

അപമര്യാദയായി പെരുമാറിയ ചെയർപേഴ്‌സൺ ടി.കെ.ഗീത മാപ്പുപറയണമെന്ന് ബി.ജെ.പിയും കോൺഗ്രസും ആവശ്യപ്പെട്ടു. ചെയർപേഴ്‌സന്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്‌കരിച്ചു. തുടർന്ന് ബി.ജെ.പി അംഗങ്ങൾ ചെയർപേഴ്‌സന്റെ ചേംബറിന് മുമ്പിൽ കുത്തിയിരിപ്പ് നടത്തുകയും പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് ടി.എസ്.സജീവന്റെ നേതൃത്വത്തിൽ നഗരം ചുറ്റിനടന്ന പ്രകടനത്തിന് കൗൺസിലർമാരായ ഒ.എൻ.ജയദേവൻ, കെ.എസ്.ശിവറാം, രശ്മി ബാബു, ശാലിനി വെങ്കിടേഷ്, വിനീത ടിങ്കു തുടങ്ങിയവർ നേതൃത്വം നൽകി. ചെയർപേഴ്‌സൺ മാപ്പു പറയണമെന്ന് കോൺഗ്രസ് അംഗം വി.എം.ജോണിയും ആവശ്യപ്പെട്ടു. നഗരസഭ ചെയർപേഴ്‌സണിന്റെ നടപടി അപലപനീയമാണെന്ന് കൊടുങ്ങല്ലൂർ പ്രസ് ക്ലബ്ബ് എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് പി.വി.ബിമൽകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി പി.ഡി.ജോർജ്, ട്രഷറർ കെ.വി.പ്രകാശൻ, വൈസ് പ്രസിഡന്റ് ഒ.വി.രാമകൃഷ്ണൻ, കെ.എം.മൈക്കിൾ എന്നിവർ സംസാരിച്ചു.