 
കൊടകര: ആറേശ്വരം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഷഷ്ഠിമഹോത്സവത്തിന് അഭൂതപൂർവമായ തിരക്ക്. കോടശ്ശേരിമലയിലെ ക്ഷേത്രത്തിൽ പുലർച്ചെ നാലിന് തന്ത്രി എർണേര് മനയിൽ പ്രസാദ് നമ്പൂതിരി ക്ഷേത്രനട തുറന്നതോടെ ചടങ്ങുകൾക്ക് തുടക്കമായി.
തുടർന്ന് നിർമ്മാല്യം, അഭിഷേകങ്ങൾ, ഗണപതി ഹോമം, ഉഷപൂജ, ശാസ്താംപാട്ട് എന്നിവ നടന്നു. ഉച്ചയ്ക്ക് കലശാഭിഷേകം, കോമരം തുള്ളൽ എന്നിവ നടന്നു. ഷഷ്ഠി ആഘോഷത്തിൽ പങ്കാളികളായ പത്ത് കാവടി സംഘങ്ങിൽ നിന്നുള്ള കാവടി സംഘങ്ങൾ ഉച്ചയ്ക്കും, രാത്രിയിലും ഊഴമനുസരിച്ച് മലമുകളിലെ ക്ഷേത്രത്തിന് താഴെയെത്തി കൂട്ടയാട്ടം നടത്തിമടങ്ങി. ക്ഷേത്രത്തിന് സമീപത്തെ പാറക്കെട്ടിലെ പുനർജനി നൂഴാൻ വ്രതശുദ്ധിയോടെ നൂറുകണക്കിന് പേരെത്തി.
ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ അന്നദാനത്തിൽ ആയിരങ്ങൾ പങ്കാളികളായി. മണ്ഡല മാസാരംഭവും, മുപ്പെട്ട് ശനിയും, ഷഷ്ഠിയും ഒരു ദിവസമായതാണ് അഭൂതപൂർവമായ തിരക്കിന് കാരണമായത്. മൂലംകുടം സമുദായം, കാരണവർ, വീട്ടിച്ചോട് യുവജനസംഘം, പാപ്പാളിപ്പാടം ദേശം, വാസുപുരം വടക്കുംമുറി സമാജം, ആറേശ്വരം സെന്റർ, ഇത്തുപ്പാടം സെന്റർ, യുവജനസംഘം ഇത്തുപ്പാടം, ഇത്തുപ്പാടം വടക്കുംമുറി യുവസംഗമം, കിഴക്കുമുറി യുവജനസംഘം എന്നീ കാവടിസംഘങ്ങൾ ആഘോഷത്തിൽ പങ്കാളികളായി. വൈകിട്ട് മൂലംകുടം സെറ്റിന്റെ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ മേളം നടന്നു.