വരന്തരപ്പിള്ളി : മുടങ്ങിക്കിടന്ന കച്ചേരിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം പുനരാരംഭിച്ചു. കച്ചേരിക്കടവ് പാലം നിർമാണം പൂർത്തിയായിട്ട് ഏഴ് വർഷം കഴിഞ്ഞെങ്കിലും അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയാകാത്തതിനാൽ പാലം പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാനാവാത്ത സ്ഥിതിയായിരുന്നു. അപ്രോച്ച് റോഡ് പൂർത്തീകരിച്ചാൽ പാലം തുറന്നു കൊടുക്കാനാവും. അപ്രോച്ച് റോഡ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് നിർമ്മാണം വൈകിപ്പിച്ചത്. കെ.കെ.രാമചന്ദ്രൻ എം.എൽ.എയുടെയും മറ്റ് ജനപ്രതിനിധികളുടെയും ഇടപെടലിലൂടെയാണ് അപ്രോച്ച് റോഡ് നിർമ്മാണ തടസങ്ങൾ നീങ്ങിയത്. റോഡ് നിർമ്മാണം ആരംഭിച്ചതോടെ ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകുമെന്നും പി ഡബ്ല്യൂ ഡി ബ്രിഡജസ് വിഭാഗം അസി.എൻജിനീയർ അറിയിച്ചു.
തടസമായി ഭൂമി ഏറ്റെടുക്കൽ
അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ കാലതാമസമാണ് നിർമ്മാണം വൈകിച്ചത്. പാലത്തിന്റെ ഒരു വശത്തുള്ള വീട്ടുടമയുടെ പ്രതിഷേധമായിരുന്നു കൂടുതൽ ശക്തം. ഇവരുടെ കൈവശമുള്ള വസ്തുവിൽ കൂടുതലും പുറംപോക്കായിരുന്നു. എന്നാൽ ഇയാൾ കേസുമായി മന്നോട്ടു പോകുകയും വാദം കോടതി തള്ളുകയും ചെയ്തു. പാലത്തിന്റെ ഒരുവശത്ത് 82 മീറ്ററും മറുവശത്ത് 170 മിറ്ററുമാണ് അപ്രോച്ച് റോഡിന്റെ നീളം. ഒരു കോടി 62 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ്. മൂന്നു മാസം കൊണ്ട് നിർമ്മാണം പൂർത്തികരിക്കും.