തൃശൂർ: ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും തന്നെ മാറ്റണമെന്ന ആവശ്യവുമായി വി.കെ. ശ്രീകണ്ഠൻ എം.പി. അടുത്തമാസം തന്നെ മറ്റൊരാളെ നിയമിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ മാസവും ഇതേ ആവശ്യം നേതൃത്വത്തെ അറിയിച്ചെങ്കിലും സമയമെടുക്കും കാത്തിരിക്കാനായിരുന്നു മറുപടി.
പാലക്കാട് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ തൃശൂരിലെ പ്രശ്‌നം പരിഹരിച്ച് പുതിയ പ്രസിഡന്റിനെ ചുമതലയേൽപ്പിക്കണമെന്നാണ് വി.കെ. ശ്രീകണ്ഠന്റെ വാദം. ഇതു സംബന്ധിച്ച് തൃശൂരിലെ പ്രധാന നേതാക്കളുമായും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായും ശ്രീകണ്ഠൻ ചർച്ച നടത്തി. കെ.സി. വേണുഗോപാലിന്റെ അംഗീകാരം കൂടി കിട്ടിയാൽ തൃശൂരിൽ പുതിയ പ്രസിഡന്റ് അടുത്ത മാസാവസാനം വന്നേക്കും.
കെ. മുരളീധരൻ തൃശൂരിൽ പരാജയപ്പെട്ടതോടെയാണ് ഡി.സി.സി പ്രസിഡന്റായിരുന്ന ജോസ് വള്ളൂരിനെയും യു.ഡി.എഫ് കൺവീനർ എം.പി. വിൻസെന്റിനെയും മാറ്റിയത്. തുടർന്ന് വി.കെ. ശ്രീകണ്ഠന് ചുമതല കൈമാറുകയായിരുന്നു. മുരളീധരന്റെ തോൽവി അന്വേഷിക്കുന്ന പാർട്ടി കമ്മിഷൻ തൃശൂരിലെത്തി തെളിവെടുത്തിരുന്നു. ഈ റിപ്പോർട്ട് പഠിച്ചശേഷം ഭാവിപരിപാടികൾ തീരുമാനിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇത് നീളുന്നതിനാൽ ഇനിയും സ്ഥിരം ഡി.സി.സി പ്രസിഡന്റില്ലാത്തത് ദോഷമാകുമെന്നാണ് വിലയിരുത്തൽ.
തൃശൂരിലെ നേതാക്കളുടെ കൂടി നിർദ്ദേശപ്രകാരമാണ് പുതിയ പ്രസിഡന്റിനെ നിയമിക്കാൻ ആലോചിക്കുന്നത്. ഓരോ വിഭാഗവും പേരുകൾ നൽകുന്നുണ്ടെങ്കിലും സംസ്ഥാന നേതൃത്വവും കെ.സി. വേണുഗോപാലും ചർച്ച ചെയ്തശേഷമേ തീരുമാനമുണ്ടാകൂ. യുവാക്കളായ നേതാക്കളെ പ്രസിഡന്റാക്കണമെന്നാണ് ആവശ്യം. എന്തായാലും ശ്രീകണ്ഠൻ തന്നെ ഒഴിവാക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്.
പുതിയ ലിസ്റ്റിൽ ജോസഫ് ടാജറ്റും രാജേന്ദ്രൻ അരങ്ങത്തും
ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ്, രാജേന്ദ്രൻ അരങ്ങത്ത്, അഡ്വ. ഷാജി കോടങ്കണ്ടത്ത് തുടങ്ങിയവരുടെ പേരുകളാണ് പ്രധാനമായും ഉയരുന്നത്. കെ.സി. വേണുഗോപാലുമായി അടുത്ത ബന്ധമുള്ള നേതാക്കളാണിവർ. മറ്റു പല നേതാക്കളുടെയും പേരുകൾ സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ടത്രെ. പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രശ്‌നങ്ങളില്ലാതെ നിയമിക്കാൻ കഴിഞ്ഞില്ലെങ്കിൽ തൃശൂരിന്റെ ചുമതലയുള്ള കെ.പി.സി.സി സെക്രട്ടറി ടി.യു. രാധാകൃഷ്ണനെ താത്കാലിക ചുമതലയേൽപ്പിക്കാനും നീക്കമുണ്ട്.