അതിരപ്പിള്ളി: ചിക്ലായിയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു. ഞരളക്കാട്ട് ജോസഫിന്റെ തോട്ടത്തിലാണ് കാട്ടാനകൾ നാശം വിതച്ചത്. പത്ത് തൈ തെങ്ങുകൾ, 25 കവുങ്ങുകൾ എന്നിവ കട പിഴുതെറിഞ്ഞു. മറ്റു ചെറുവിളകളും ആനക്കൂട്ടം ചവിട്ടി നശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പുഴ കടന്നെത്തിയ മൂന്ന് ആനകളായിരുന്നു പറമ്പിൽ മണിക്കൂറുകളോളം തമ്പടിച്ചത്. പടക്കം പൊട്ടിച്ചും വലിയതോതിൽ ശബ്ദമുണ്ടാക്കിയും വീട്ടുകാർ ആനകളെ ഓടിച്ചുവിട്ടു. ഒരാഴ്ച മുൻപും ജോസഫിന്റെ തോട്ടത്തിൽ സമാനമായ രീതിയിൽ ആനകൾ കൃഷിനാശം വിതച്ചിരുന്നു. അന്ന് വന്ന ആനകളല്ല ഇപ്പോഴെത്തിയതെന്ന് വീട്ടുകാർ പറയുന്നു. പരിസര പ്രദേശങ്ങളിലും ദിനംപ്രതി ആനകൾ എത്തി കൃഷി വിളകൾ നശിപ്പിക്കുന്നുണ്ട്.