തൃശൂർ: ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയായ തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മൃഗങ്ങളെ മാറ്റുന്നതിന് വേഗം കൂട്ടിയതോടെ ഏതാനും മാസങ്ങൾക്കുള്ളിൽ പാർക്ക് സന്ദർശകർക്കുവേണ്ടി സജ്ജമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ അധികൃതർ. പാർക്കിന്റെ മൂന്നാംഘട്ട അവസാനജോലികളും ഉടൻ പൂർത്തിയാകും. മൃഗങ്ങളെ പുത്തൂരിലേയ്ക്ക് എത്തിക്കുന്നതോടെ
ചെമ്പൂക്കാവിലെ മൃഗശാലയിൽ ആധുനിക മ്യൂസിയത്തിന് വഴിയൊരുങ്ങുകയാണ്. ഇതിന് കൺസെപറ്റ് പ്ലാൻ തയ്യാറാക്കി. ഇനി ഡി.പി.ആർ തയ്യാറാക്കാനുളള നടപടികളും ഉടനെയുണ്ടാകും. കേരളത്തിന്റെ ചരിത്രവും സാംസ്‌കാരവുമെല്ലാം ഉൾപ്പെടുത്തി ആധുനികരീതിയിലാകും മ്യൂസിയം സജ്ജമാകുക. അതേസമയം, മൃഗശാലയിൽ നിന്ന് പുത്തൂരിലേക്ക് എത്തിച്ച മാനുകളെ വിശ്രമ കേന്ദ്രത്തിൽ നിന്നു സ്വാഭാവിക ആവാസവ്യവസ്ഥയിലുള്ള തുറസായ സ്ഥലത്തുള്ള സ്ഥിരം കൂടുകളിലേക്ക് മാറ്റി തുടങ്ങി.
വരുംദിവസങ്ങളിലും മാനുകളെ കൊണ്ടുവരുന്നത് തുടരും. അടുത്ത വർഷം ജനുവരിയോടെ എല്ലാ ജീവികളെയും മാറ്റാനാണ് ലക്ഷ്യമിടുന്നത്. മാൻ വർഗത്തിൽപ്പെട്ട 60 എണ്ണത്തേയും ഉടൻ പുത്തൂരിലെത്തിക്കും. കലമാൻ, പുള്ളിമാൻ, പന്നിമാൻ എന്നിവയിൽനിന്ന് 20 എണ്ണം വീതമാണ് കൊണ്ടുവരിക.

മാനുകളെ എത്തിക്കൽ പ്രയാസകരം


പാർക്കിലേക്ക് മാനുകളെ എത്തിക്കുന്നതാണ് ഏറെ പ്രയാസകരം. മുഴുവൻ മാനുകളെയും പാർക്കിലെത്തിച്ച് ആവാസവ്യവസ്ഥയുമായി ഇണക്കിയാൽ ആശ്വാസമാകും. മാനുകളെപ്പോലെ അമിത സമ്മർദ്ദവും ഭയവും മറ്റു ജീവികൾക്ക് പൊതുവേ കുറവാണ്. അതിനാലാണ് തുടക്കത്തിൽത്തന്നെ മാനുകളെ പൂർണമായി മാറ്റാൻ ശ്രമം തുടങ്ങിയത്. ബോമ രീതി പ്രകാരമാണ് ഇവയെ എത്തിക്കുന്നത്. കൃഷ്ണമൃഗങ്ങളെയും ഒപ്പം കൊണ്ടുവരും. മാനുകൾ മേയുന്നിടത്ത് പുൽത്തകിടിയും കുടിവെള്ളത്തിന് നീർച്ചാലുകളും സൃഷ്ടിച്ചു. സിംഹം, പുലി, കടുവ എന്നിവയെയും ജനുവരിയോടെ എത്തിക്കാൻ നടപടികളായി.

നൂറ്റാണ്ട് കടന്ന പെരുമ

നൂറ്റാണ്ട് പിന്നിട്ട പെരുമയും ചരിത്രവുമുളള തൃശൂരിലെ മൃഗശാല ഇനി ഓർമ്മയാകും. നഗരമദ്ധ്യത്തിൽ 13.5 ഏക്കർ വിസ്തൃതിയിൽ 1885ൽ പ്രവർത്തനം ആരംഭിച്ച മൃഗശാല ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഒന്നാണ്. ദക്ഷിണേന്ത്യയിലെ തന്നെ വിനോദസഞ്ചാരകേന്ദ്രമായി വളർന്ന മൃഗശാല അങ്കണത്തിൽ പ്രകൃതിചരിത്ര കാഴ്ചബംഗ്ലാവും ശക്തൻതമ്പുരാൻ അടക്കം ഉപയോഗിച്ചിരുന്ന വസ്തുക്കളും പ്രദർശിപ്പിച്ചിട്ടുണ്ട്. പാമ്പുകളെ വളർത്തുന്നതിനായി പ്രത്യേകം തയ്യാറാക്കിയ മ്യൂസിയവുമുണ്ട്.


ജനുവരിയോടുകൂടി ഭൂരിഭാഗം മൃഗങ്ങളേയും മാറ്റാൻ കഴിയുമെന്നാണ്

പ്രതീക്ഷിക്കുന്നത്.

ടി.വി. അനിൽകുമാർ, മൃഗശാല സൂപ്രണ്ട്.