തൃശൂർ : ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഘടന മാറുന്ന വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിക്കും. 2011 ലെ സെൻസസ് ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് പുനർവിഭജനം. കരട് പ്രസിദ്ധീകരിച്ച് കഴിഞ്ഞാൽ ഡിസംബർ മൂന്നു വരെ പരാതികൾ നൽകാം. പരാതികൾ നേരിട്ടോ തപാലിലോ ജില്ലാ കളക്ടറേറ്റുകളിലും ഡീലിമിറ്റേഷൻ കമ്മീഷൻ ഓഫീസിലോ നൽകാം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികൾ, കോർപറേഷൻ എന്നിവയുടെ കരടാണ് ആദ്യം പ്രസിദ്ധീകരിക്കുക. തൃശൂർ കോർപറേഷനിൽ 55 വാർഡുകൾ 56 ആയി വർദ്ധിക്കും. ഡിവിഷനുകളുടെ പേരുകളിലും മാറ്റം വന്നേക്കും. നഗരത്തിലെ പ്രധാന ഡിവിഷനായ തേക്കിൻക്കാട് മുറിച്ച് തിരുവമ്പാടി ഡിവിഷനാക്കിയിട്ടുണ്ട്. കരട് പ്രസിദ്ധീകരിച്ചതിന് ശേഷം പരാതികൾ സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയ പാർട്ടികൾ.
ഉദ്യോഗസ്ഥരെ നിയമിച്ചു
ഇന്ന് പ്രസിദ്ധീകരിക്കുന്ന വാർഡ് പുനർനിർണയത്തിൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിശോധിച്ച് അന്വേഷണം നടത്തുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ചു. ഡിസംബർ 18 ന് മുമ്പായി പരാതികളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം.
തൃശൂർ കോർപ്പറേഷനിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കാണ് ചുമതല. മുനിസിപ്പാലിറ്റികളിലേക്കും ഗ്രാമപഞ്ചായത്തുകളിലേക്കും ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
ബ്ലോക്ക് ജില്ല പിന്നീട്
പഞ്ചായത്ത് വിഭജനത്തിന്റെ അക്ഷേപങ്ങൾ പരിഹരിച്ചതിന് ശേഷമാണ് ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകളുടെ ഡിവിഷൻ വിഭജനം. ഇതിന് അഞ്ച് മാസമെങ്കിലും എടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. രാഷ്ട്രീയ ഘടന അടിസ്ഥാനമാക്കിയാണ് വിഭജനം നടന്നിരിക്കുന്നതെന്ന ആക്ഷേപം ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്. പഞ്ചായത്തുകളിൽ ഒരോ വാർഡ് വീതമാണ് കൂടിയിരിക്കുന്നത്.
അന്തിമ നടപടിക്ക് കടമ്പകളേറെ
കരട് റിപ്പോർട്ടിലെ ആക്ഷേപങ്ങളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചാലും അവസാനം തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ വിലയിരുത്തലുകൾ നടത്തിയ ശേഷമാണ് വിഭജനം പൂർണമാകുകയുള്ളു. നിലവിലെ സാഹചര്യത്തിൽ അടുത്ത മെയ് മാസത്തോടെ പൂർത്തീകരിക്കുന്നതിനുള്ള നടപടികളാണ് നടക്കുന്നത്. അടുത്ത വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലായിരിക്കും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്.
തൃശൂർ ജില്ലയിലെ നിലവിലെ തദ്ദേശ സ്ഥാപനങ്ങൾ
വിഭജനത്തിന് ശേഷമുള്ള വാർഡുകളുടെ എണ്ണം