കൊടുങ്ങല്ലൂർ : നാട്ടിക ഫർക്കയിൽപെട്ട പത്ത് പഞ്ചായത്തുകളിലെ കുടിവെള്ളപ്രശ്‌നം രൂക്ഷമായ സ്ഥലങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ തൃശൂർ കളക്ടർക്ക് ഹൈക്കോടതി നിർദ്ദേശം. നാട്ടിക ഫർക്കയിലെ വാട്ടർ അതോറിറ്റിയുടെ പഴയ പൈപ്പ് മാറ്റി കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്ന പൊതുതാൽപ്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.

അതിനായി കളക്ടർക്ക് ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്താം. രണ്ടുമാസം മുമ്പ് വാട്ടർ അതോറിറ്റി, പി.ഡബ്ല്യു.ഡി, പഞ്ചായത്തുകൾ, ജൽ ജീവൻ എന്നിവരുടെ യോഗം ഹൈക്കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരത്ത് യോഗം വിളിച്ചുചേർത്ത് കുടിവെള്ള വിതരണം സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് സമർപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ആല ഗോതുരുത്തിലേക്ക് ഹോട്ട് ലൈനായി വേഗത്തിൽ കുടിവെള്ളമെത്തിക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പൈപ്പുകൾ സ്ഥാപിച്ചു കൊണ്ടിരിക്കുന്നത്.

ഏങ്ങണ്ടിയൂർ മുതൽ ശ്രീനാരായണപുരം പഞ്ചായത്ത് വരെയുള്ള നാട്ടിക ഫർക്കയിലെ കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ വെള്ളമെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇടക്കാല ഹർജി നൽകിയതിനെ തുടർന്നാണ് ജില്ലാ കളക്ടറോട് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റിപ്പോർട്ട് ആവശ്യപ്പെട്ടത്.