ചെറുതുരുത്തി: ഭാരതപ്പുഴയിൽ വെള്ളമൊഴുക്ക് കുറഞ്ഞതോടെ വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക്. ബ്രിട്ടീഷുകാർ നിർമ്മിച്ച തകർന്നുവീണ പാലത്തിന്റെയും റെയിൽവേ പാലത്തിന്റെയും ഇടയിലെ മണൽ പരപ്പിൽനിന്ന് സൂര്യാസ്തമയം ആസ്വദിക്കാനും വിശ്രമിക്കാനുമാണ് ഭൂരിഭാഗം സഞ്ചാരികളും എത്തുന്നത്. സഞ്ചാരികളെ ആകർഷിക്കുന്നതിന് പുഴയോരത്ത് കുട്ടികളുടെ പാർക്കും സജ്ജമാക്കിയിട്ടുണ്ട്. ഒഴിവ് ദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിലുമാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ ഇവിടെ എത്തുന്നത്.
മണൽ പരപ്പിൽ കബഡി, ഫുട്ബാൾ, ക്രിക്കറ്റ്, വോളിബാൾ കളിക്കളമായി മാറിയിട്ടുണ്ട്. ഇവിടെ എത്തുന്ന സഞ്ചാരികളെ ആശ്രയിച്ച് നിരവധി കച്ചവട കേന്ദ്രങ്ങളാണ് പുഴയോരത്തുള്ളത്. സഞ്ചാരികളുടെ കുത്തൊഴുക്കിൽ വാഹനങ്ങൾ നിയന്ത്രിക്കുന്നതിനും പൊലീസും പാടുപെടുന്നുണ്ട്.
ജലക്ഷാമം രൂക്ഷമാകും
ചെറുതുരുത്തിയിലെ തടയണയിലെ തകർന്ന ഷട്ടറുകൾ പുനഃസ്ഥാപിക്കാത്തതാണ് ഭാരതപ്പുഴയിൽ വെള്ളം കുറയാൻ കാരണം. ഷട്ടറുകൾ തുറന്നിട്ട തടയണ ഇതുവരെ അടച്ചു ജലം സംഭരിക്കാൻ നടപടിയായിട്ടില്ല. ഇതു തുടർന്നാൽ ഇരു കരകളിലെ ജില്ലാ അതിർത്തിയിലെ ജലവിതരണപദ്ധതികളെ ഗുരുതരമായി ബാധിക്കും. ഇതോടെ ജലക്ഷാമം രൂക്ഷമാകും.