പാവറട്ടി: മുല്ലശ്ശേരി പറമ്പൻ തളി മാനിന പി.എം.ജി.എസ്.വൈ റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഗതാഗതയോഗ്യമാക്കാതെ അധികൃതർ. ജല അതോറിറ്റിയുടെ പൈപ്പ് ഇടലിന്റെ ഭാഗമായി റോഡിന്റെ ഒരു ഭാഗം പകുതിയോളം പോളിച്ചതാണ് ഇതുവരെ അറ്റകുറ്റപ്പണി നടത്താത്തത്. പറമ്പൻ തളി ക്ഷേത്ര പ്രദേശം, മാനിന, അയ്യപ്പക്കുടം എന്നിവിടങ്ങളിലെ നൂനു കണക്കിന് കുടുംബങ്ങൾ ഉപയോഗിക്കന്ന റോഡാണിത്.

മണലൂരിലെ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലേക്കുള്ള കുട്ടികളും അദ്ധ്യാപകരും ഇതുമൂലം രണ്ട് കിലോമീറ്ററോളം നടക്കേണ്ട ഗതികേടിലാണ്. പോസ്റ്റ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, ആശുപത്രി, വില്ലേജ് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലേക്ക് രണ്ടു കിലോമീറ്ററിൽ കൂടുതൽ ദൂരം നടന്നു പോകണം. പലരും ഓട്ടോറിക്ഷയെയാണ് ആശ്രയിക്കുന്നത്.

റോഡ് പൊട്ടിപ്പൊളിഞ്ഞതിനാൽ ടാക്സി വാഹനങ്ങൾ പോലും വരാൻ വിസമ്മതിക്കുകയാണത്രെ. റോഡ് സഞ്ചാരയോഗ്യമാക്കി ഇതുവഴി അന്നകര - പറപ്പൂർ റൂട്ടിൽ തൃശൂരിലേക്ക് ബസ് സർവീസ് ആരംഭിക്കണമെന്ന് നാട്ടുകാരുടെ ആഗ്രഹം. മണ്ഡലത്തിലെ ഗ്രാമീണ റോഡുകൾ ബസ് സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് പ്രാരംഭ ചർച്ചകൾ നടത്തിയത് യാഥാർത്ഥ്യമാകുമെന്ന് നാട്ടുകാരുടെ പ്രതീക്ഷ.

പ്രതിഷേധ ധർണ 25ന്

റോഡ് സഞ്ചാര്യയോഗ്യമാക്കാൻ ജനനകീയ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് നാട്ടുകാർ പ്രവർത്തനം തുടങ്ങി. ആദ്യ പ്രതിഷേധ ധർണ ഈ മാസം 25 ന് നടത്തും. ജനകീയ ആക്ഷൻ കൗൺസിൽ രൂപീകരണ യോഗത്തിൽ വാർഡ് മെമ്പർ സജിത്ത് എൻ.എസ്. അദ്ധ്യക്ഷനായി. പ്രസിഡന്റ് ബാബുരാജ് കരണകോട്ട്, സെക്രട്ടറി വിബീഷ് പൊന്നറമ്പിൽ, ട്രഷറർ ഹരിദാസൻ കരുമത്തിൽ തുടങ്ങി 15 പേരുടെ കമ്മറ്റി യോഗം തിരഞ്ഞെടുത്തു. മറ്റു നിയമ നടപടികൾക്കായി കോടതിയെ സമീപിക്കാനും യോഗത്തിൽ തീരുമാനിച്ചു.