അന്നമനട : ഗുരുതരമായ രീതിയിൽ കരൾ രോഗം ബാധിച്ച അമ്മയ്ക്ക് കരൾ പകുത്ത് നൽകാൻ 18 വയസാകുന്നതുവരെ കാത്തിരുന്ന് പ്രായപൂർത്തിയായ ദിവസം തന്നെ പകുത്ത് നൽകി കരളുറപ്പ് കാട്ടിയ മകൾ ദിയ ദിനിൽ കുമാറിനെ ചികിത്സാ സഹായനിധി പ്രവർത്തകരും നാട്ടുകാരും ചേർന്ന് അനുമോദിച്ചു. മേലഡൂർ ആനാമ്പലത്ത് ദിനിൽകുമാറിന്റെ ഭാര്യ റീന ഗുരുതരമായ കരൾ രോഗത്താൽ ഏറെക്കാലമായി ചികിത്സയിലാണ്. കരൾ മാറ്റിവയ്ക്കൽ മാത്രമാണ് ഏക പ്രതിവിധിയന്ന് ഡോക്ടർമാർ വിധിച്ചതോടെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കി 2024 മാർച്ചിൽ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ചികിത്സാസഹായനിധി രൂപീകരിക്കുകയായിരുന്നു. അമ്മയ്ക്ക് കരൾ പകുത്ത് നൽകാൻ താൻ തയ്യാറാണെന്ന് ദിയ അറിയിച്ചു. നാട്ടുകാരും അകമഴിഞ്ഞ് സഹായിച്ചതോടെ വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കാനായി. അമ്മയും മകളും ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു. ഇതിനിടയിൽ മാള ഹോളിഗ്രേസ് എൻജിനിയറിംഗ് കോളേജ് ദിയയ്ക്ക് പിറന്നാൾ സമ്മാനമായി സൗജന്യ എൻജിനിയറിംഗ് പഠന സൗകര്യം നൽകി.
കഴിഞ്ഞദിവസം ചേർന്ന ചികിത്സാ സഹായനിധിയുടെ പൊതുയോഗം അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. സതീശൻ അദ്ധ്യക്ഷനായി. ചടങ്ങിൽ ദിയ ദിനിൽകുമാറിനെ മേലഡൂർ പള്ളിവികാരി ജോസ് പാലാട്ടി അനുമോദിച്ചു. ചികിത്സാ സഹായനിധിയിൽനിന്ന് ഒരു വിഹിതം പള്ളിയുടെ നേതൃത്വത്തിൽ സൗജന്യ ചികിത്സ നൽകിക്കൊണ്ടിരിക്കുന്ന മേലഡൂർ ജീസസ് മിഷൻ ആശുപത്രിയിലേക്ക് റീന സംഭാവന നൽകി. യോഗത്തിൽ സി.ജി. ജെയിംസ്, കെ.ഒ. വർഗീസ്, സി.എൽ. ജോഷി, സി.കെ. ഷിജു, കെ.ബി. രാജേഷ്, എം.ജെ. ആന്റു എന്നിവർ പ്രസംഗിച്ചു.