
തൃശൂർ: ആനകളുടെ എഴുന്നള്ളിപ്പിന് മൂന്നുമീറ്റർ നിർബന്ധമാക്കിയ ഹൈക്കോടതി വിധിയിലെ തുടർനടപടികൾ ആലോചിക്കാൻ വനംമന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ നാളെ നടത്തുന്ന യോഗത്തിൽ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ പങ്കെടുക്കും. ഇതുസംബന്ധിച്ച് മന്ത്രിയുടെ ഓഫീസ് ദേവസ്വം ഭാരവാഹികൾക്ക് കത്തുനൽകി.
യോഗത്തിൽ എഴുന്നള്ളിപ്പിനുള്ള ഇളവുകൾ ലഭിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചില്ലെങ്കിൽ ദേവസ്വങ്ങൾ നേരിട്ട് കോടതിയെ സമീപിക്കുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ പറഞ്ഞു. രാവിലെ പത്തിന് തിരുവനന്തപുരത്താണ് യോഗം. വനംമന്ത്രിക്ക് പുറമേ മന്ത്രി ഗണേഷ് കുമാറും മറ്റുദ്യോഗസ്ഥരും പങ്കെടുക്കും. നിലവിലെ ഹൈക്കോടതി ഉത്തരവ് പ്രകാരം ആനകളെ എഴുന്നള്ളിച്ചുള്ള ഉത്സവങ്ങളും പൂരങ്ങളും നടത്താനാകാത്ത സാഹചര്യമാണ്. യോഗത്തിൽ നിർണായക തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.