1

തൃശൂർ : അടിസ്ഥാന സൗകര്യവും പരിശീലിപ്പിക്കാൻ കായികാദ്ധ്യാപകരും കുറവായതോടെ,​ സ്‌കൂൾ കായിക മേഖലയിൽ മണ്ഡരിബാധ. ആയിരത്തിലേറെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളുള്ള ജില്ലയിൽ ആവശ്യത്തിന് പരിശീലനം നൽകാൻ ഗ്രൗണ്ട് പോലും ഇല്ല. ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കുന്നംകുളം ബോയ്‌സ് സ്‌കൂളിലെ സിന്തറ്റിക് ട്രാക്ക് ഒഴിച്ചാൽ 200 മീറ്റർ ഓടിക്കാൻ സാധിക്കുന്ന ട്രാക്ക് പോലും ഇല്ല. ഈ പ്രതികൂല സാഹചര്യങ്ങൾക്കിടയിലാണ് സംസ്ഥാന സ്‌കൂൾ കായിക മേളയിൽ മികച്ച വിജയം ജില്ലയിലെ താരങ്ങൾ നേടിയത്. അത്‌ലറ്റിക്‌സിലും ഗെയിംസിലും ഓവറാൾ രണ്ടാം സ്ഥാനവും ജില്ലയ്ക്കായിരുന്നു. കബഡി, ഹാൻഡ്ബാൾ, വോളിബാൾ, സെപക് താക്രോ, ഫെൻസിംഗ്, കരാട്ടെ, ബോക്‌സിംഗ്, ബാഡ്മിന്റൺ, ബാൾ ബാഡ്മിന്റൺ, ഫുട്ബാൾ, സോഫ്റ്റ്ബാൾ, ബേസ്ബാൾ, ബോക്‌സിംഗ്, തെക്കോണ്ടോ, ക്രിക്കറ്റ് എന്നിവയിൽ മികച്ചനേട്ടങ്ങളാണ് കൈവരിച്ചത്. പലരും കായികാദ്ധ്യാപകരുടെ പരിശീലനത്തിന് പുറമേ സ്വകാര്യ അക്കാഡമികളിൽ പരിശീലനവും നേടിയാണ് വിജയം കരസ്ഥമാക്കിയത്.

ആകെയുള്ളത് 182 കായിക അദ്ധ്യാപകർ !

ആയിരത്തിലേറെ സ്‌കൂളുകളുള്ള ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ കായികാദ്ധ്യാപകരുടെ എണ്ണം 182ആണ്. ഇതിൽ സർക്കാർ സ്‌കൂളുകളിൽ 36 പേർ. എയ്ഡഡ്, അൺ എയ്ഡഡ് മേഖലയിലുള്ളത് 146 പേർ. ഇതിൽ സർക്കാർ യു.പി സ്‌കൂളിൽ ഉള്ളതാകട്ടെ മൂന്നു പേരും. വിവിധ കായിക വിഭാഗങ്ങളിലായി വിക്ടർ മഞ്ഞില, ഐ.എം.വിജയൻ, സി.വി.പാപ്പച്ചൻ, ജോപോൾ അഞ്ചേരി, ലിജോ വി.തോട്ടാൻ, ഒളിമ്പ്യൻ രാമചന്ദ്രൻ, ജ്യോതിഷ്, സിറിൽ സി.വെള്ളൂർ, പുതുതലമുറയിലെ ആൻസി സോജൻ തുടങ്ങി ഒട്ടനവധി കായിക താരങ്ങൾ വളർന്നു വന്ന ജില്ലയ്ക്കാണ് ഈ ദുർഗതി.


കായികോപകരണങ്ങൾക്ക് എവിടെ പോകണം ?

കുട്ടികൾക്ക് പരിശീലനം നടത്താൻ കായികോപകരണങ്ങൾ പോലും സ്‌കൂളുകളിലില്ല. ആകെയുള്ളത് ഓരോ സ്‌കൂളിലും അഞ്ചോ ആറോ ഫുട്ബാൾ മാത്രമാണ്. ചിലയിടങ്ങളിൽ ഡിസ്‌കസ്, ഷോട്ട് പുട്ട്, ജാവ്‌ലിൻ എന്നിവയുണ്ട്. എന്നാൽ ഹൈജംപിനും പോൾ വാൾട്ടിനും പരിശീലനം നടത്താനുള്ള ബെഡോ മറ്റു സൗകര്യങ്ങളോ ഒരിടത്തുമില്ല. അതുകൊണ്ട് ഈ വിഭാഗങ്ങളിലെ പരിശീലനത്തിനും കായികാദ്ധ്യാപകർക്ക് ഭയമാണ്. ഏതെങ്കിലും തരത്തിൽ പരിശീലനത്തിനിടെ പരിക്കേറ്റാൽ അദ്ധ്യാപകരുടെ മേൽ കുറ്റം ചുമത്തപ്പെടുമെന്നതിനാൽ പരിശീലന സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി മത്സരിപ്പിക്കാതിരിക്കുകയാണ് ചെയ്യുന്നത്.

( ഇന്ന് ഹയർ സെക്കൻഡറി മേഖലയിൽ കായികാദ്ധ്യാപകർ വട്ടപൂജ്യം)