
തൃശൂർ: സി.പി.ഐ കുറുമ്പിലാവ് ലോക്കൽ കമ്മിറ്റി ഓഫീസായ സി.കെ.മാധവൻ സ്മാരകം അടിച്ചുതകർത്ത ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ലഹരിമാഫിയയുടെ ആളുകൾ നടത്തിയ അഴിഞ്ഞാട്ടത്തിന്റെ തുടർച്ചയായാണ് വീണ്ടും ക്രിമിനൽ പ്രവർത്തനമുണ്ടായത്. പാർട്ടി ലോക്കൽ സെക്രട്ടറി എ.ബി.ജയപ്രകാശിനെ ആക്രമിക്കുകയും അദ്ദേഹത്തിന്റെ വീട്ടിൽ കയറി അതിക്രമം കാട്ടുകയും ചെയ്തവർ തന്നെയാണ് ഓഫീസിന് നേരെയും അക്രമം നടത്തിയതെന്നും വത്സരാജ് പറഞ്ഞു. കേടുപാടുണ്ടായ കുറുമ്പിലാവ് ലോക്കൽ കമ്മിറ്റി ഓഫീസും ലോക്കൽ സെക്രട്ടറിയുടെ വസതിയും സന്ദർശിച്ചു. സംസ്ഥാന കൗൺസിൽ അംഗം അഡ്വ.വി.എസ്.സുനിൽ കുമാർ, ചേർപ്പ് മണ്ഡലം സെക്രട്ടറി പി.വി.അശോകൻ, സി.ആർ.മുരളീധരൻ, കെ.എം.ജയദേവൻ എന്നിവരുമുണ്ടായിരുന്നു.