bird

തൃശൂർ: അപൂർവമായി കാണപ്പെടുന്ന രാജാപ്പരുന്തിനെ പുല്ലഴി കോൾപ്പാടത്ത് കണ്ടെത്തി. വന്യജീവി ഫോട്ടോഗ്രാഫറും പക്ഷിനിരീക്ഷകനുമായ ജിജോയ് ഇമ്മട്ടിയാണ് ഈ പക്ഷിയെ കണ്ടെത്തിയത്. ഇംപീരിയർ ഈഗിൾ എന്നറിയപ്പെടുന്ന ഈ പക്ഷിയുടെ ശാസ്ത്രനാമം അക്വില ഹേലിയാക്ക എന്നാണ്. പക്ഷിനിരീക്ഷണ വെബ്‌സൈറ്റായ ഇബേഡിലെ വിവരങ്ങളനുസരിച്ച് 2003ൽ കണ്ണൂരിൽ കണ്ടെത്തിയ ശേഷം ഇവയുടെ സാന്നിദ്ധ്യവും ചിത്രവും ആദ്യമായാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്.

തെക്കുകിഴക്കൻ യൂറോപ്പിലും പടിഞ്ഞാറ്, മദ്ധ്യേഷ്യ വരെയുള്ള പാലിയാർട്ടിക്ക് മേഖലകളിലാണ് ഇവ പ്രധാനമായും പ്രജനനം നടത്തുന്നത്. ശൈത്യകാലത്ത് ഇവ വടക്കുകിഴക്കൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, തെക്ക്, കിഴക്കൻ ഏഷ്യൻ മേഖലകളിലേക്ക് ദേശാടനം നടത്തിവരുന്നു. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഒഫ് നേച്ചർ ആൻഡ് നാച്ച്വറൽ റിസോഴ്‌സിന്റെ ചുവന്ന പട്ടിക പ്രകാരം ഇവ വംശനാശ സാദ്ധ്യതയുള്ള പക്ഷിയായാണ് വിലയിരുത്തിയിരുത്തിയിട്ടുള്ളത്. തൃശൂർ പൊന്നാനി കോൾമേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൗരശാസ്ത്ര പഠനഗവേഷണ കൂട്ടായ്മയായ കോൾ ബേഡേഴ്‌സ് കളക്ടീവിന്റെ നേതൃത്വത്തിൽ നിരവധി പക്ഷിനിരീക്ഷണ പരിപാടികൾ സംഘടിപ്പിച്ചുവരുന്നുണ്ട്.